മദ്യ നിർമാണവും വിൽപനയും രണ്ട് പ്രവാസികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതിയും പിടിച്ചെടുത്ത മദ്യവും
കുവൈത്ത് സിറ്റി: വ്യാജമദ്യം കഴിച്ച് നിരവധിപേരുടെ മരണത്തിനും ഗുരുതര രോഗങ്ങൾക്കും നിയമനടപടികൾക്കും ഇടയാക്കിയിട്ടും പാഠം പഠിക്കാതെ പ്രവാസികൾ. അബ്ദലിയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച മദ്യനിർമാണ ഫാക്ടറി ആഭ്യന്തര മന്ത്രാലയം സീൽ ചെയ്തു. ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ രണ്ട് പ്രവാസികളും പിടിയിലായി.
ഇറക്കുമതി ചെയ്ത സ്പിരിറ്റ് നൂതന ഉപകരണങ്ങളും വ്യാജ ലേബലുകളും ഉപയോഗിച്ച് ബ്രാൻഡ് ഉൽപന്നങ്ങളെന്ന വ്യാജേന സംഘം വിൽപ്പന നടത്തിവരുകയായിരുന്നു.
പരിശോധനയിൽ ലേബലുകൾ നിർമിക്കാനും, മദ്യക്കുപ്പികൾ പാക് ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങളും വലിയ അളവിൽ ബ്രാൻഡ് ലേബലുകളും കണ്ടെത്തി. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
സമൂഹത്തിന്റെ സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കാൻ പരിശോധനകളും നിയന്ത്രണ നടപടികളും ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മദ്യ നിർമാണ കേന്ദ്രം ക്രിമിനൽ സുരക്ഷാ വിഭാഗം പൊളിച്ചുമാറ്റി.
മദ്യം പൂർണമായും നിരോധിച്ച രാജ്യമാണ് കുവൈത്ത്. കഴിഞ്ഞമാസം വിഷമദ്യം കഴിച്ച് 23 പേർ മരിക്കുകയും നിരവധിപേർ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
ഇതിനു പിറകെ രാജ്യത്ത് വ്യാപക പരിശോധനയും നടന്നു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

