സഹകരണം, സ്ഥിരത; കൈകോർത്ത് കുവൈത്തും തുർക്കിയയും
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ സ്വീകരിക്കുന്നു
അമീറിന് സമ്മാനിച്ച ഇലക്ട്രിക് കാർ
കുവൈത്ത് സിറ്റി: പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും മുൻഗണന നൽകി തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ കുവൈത്ത് സന്ദർശനം.
ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടികാഴ്ച നടത്തി. പരസ്പര ഐക്യം ബലപ്പെടുത്തുന്നതിനായുള്ള ചർച്ചകളിൽ കൂടിക്കാഴ്ച ശ്രദ്ധയൂന്നി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും അടുപ്പം പ്രതിഫലിപ്പിക്കുന്നതായി കൂടിക്കാഴ്ച.
ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ആൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുവൈത്തും തുർക്കിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ചർച്ചക്കിടെ ഇരുപക്ഷവും അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ, പരസ്പര താൽപര്യമുള്ള പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയിൽ വീക്ഷണങ്ങൾ കൈമാറിയതായും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് പറഞ്ഞു.
നാവികരുടെ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരം സംബന്ധിച്ച സമുദ്ര ഗതാഗത കരാറും ധാരണ പത്രവും, ഊർജ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണ പത്രം, നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണ പത്രം എന്നിവയിൽ സന്ദർശനത്തിനിടെ ഇരുവിഭാഗവും ഒപ്പുവെച്ചു.
അമീറിന് ഉർദുഗാന്റെ ഇലക്ട്രിക് കാർ സമ്മാനം
കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഇലക്ട്രിക് കാർ സമ്മാനം. കുവൈത്ത് സന്ദർശനത്തിനിടെയാണ് ഉർദുഗാൻ തുർക്കിയ നിർമിത ടോഗ് ഇലക്ട്രിക് കാർ അമീറിന് സമ്മാനിച്ചത്. കുവൈത്തും തുർക്കിയയും തമ്മിൽ ആഴത്തിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായാണ് സമ്മാനം.
സമ്മാനം സ്വീകരിച്ച അമീർ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സഹോദരപരവുമായ ബന്ധങ്ങളുടെ ശക്തിയെ ഇത് പ്രതിഫലിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി. ഉർദുഗാന് അഗാധമായ നന്ദിയും അറിയിച്ചു.
തുർക്കിക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതി, വികസനം, സമൃദ്ധി എന്നിവ അമീർ ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര ബന്ധം വർധിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണത്തിനുള്ള വഴികൾ വികസിപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ താൽപര്യവും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

