യാത്ര ഇനി എളുപ്പമാകും; കുവൈത്ത് ടെർമിനൽ4 ൽ വിദേശ വിമാനങ്ങളുടെ സർവിസ് തുടങ്ങി
text_fields
കുവൈത്ത് സിറ്റി: കുവൈത്ത് യാത്രക്കാർക്ക് ആശ്വാസം. അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ -4 (ടി-4) ൽ നിന്നുള്ള വിദേശ വിമാനങ്ങളുടെ സർവിസ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഈജിപ്ത് എയറും, ഫ്ലൈദുബായും സർവിസ് പുനരാരംഭിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഇവിടെ നിന്ന് സർവീസുകൾ ആരംഭിക്കും. വിദേശ വിമാനങ്ങൾ സർവിസ് നടത്തിയിരുന്ന ടെർമിനൽ ഒന്ന് അടച്ചതിനെ തുടർന്നു താൽകാലികമായുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് ടെർമിനൽ -4ൽ നിന്നുള്ള സർവിസുകൾ.
ഇവിടെ നിന്നുള്ള കുവൈത്ത് എയർവേസിന്റെ സർവിസ് പതിവുപോലെ തുടരുന്നുണ്ട്.
ടെർമിനൽ 4ൽ നിന്ന് വിദേശ വിമാനക്കമ്പനികളുടെ സർവിസ് ആരംഭിക്കുമെന്ന് കുവൈത്ത് ഡി.ജി.സി.എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ബുധനാഴ്ച സർവിസുകൾ ആരംഭിച്ചത്. പുലർച്ചെ നാലു മുതൽ രാത്രി 10വരെയാകും ഈ ടെർമിനലിൽ നിന്നുള്ള വിദേശവിമാനങ്ങളുടെ ഷെഡ്യൂൾ. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം.
തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും ടെർമിനലിൽ യാത്രക്കാർക്ക് കൂടെയുള്ള ആളുകളുടെ എണ്ണം കുറക്കണം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ പരിശോധിക്കണമെന്നും അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട ടെർമിനൽ ഒന്നിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ടെർമിനൽ നാലിൽ നിന്നുള്ള വിദേശവിമാനങ്ങളുടെ സർവിസ് തുടരുമെന്നാണ് പ്രതീക്ഷ.
വെക്കേഷൻ അവധിക്കും മറ്റും നാട്ടിൽ പോകാനിരിക്കുന്നവർക്ക് ഇത് ഗുണകരമാണ്. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ ഉയർന്ന ടിക്കറ്റ് നിരക്കിലും കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

