യാത്ര ഇനി സുഖമമാകും; കൂടുതൽ വിമാനങ്ങൾ നാളെ മുതൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വിമാന സർവിസുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതൽ ടെർമിനൽ ഒന്നിൽ നിന്നുള്ള വിമാനസർവിസുകളും പുനരാരംഭിക്കും. യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ ദീർഘനാൾ അടച്ചിട്ട കുവൈത്ത് വിമാനത്താവളം ദീർഘനാളുകൾക്കു ശേഷമാണ് പൂർണ രൂപത്തിലേക്കു മാറുന്നത്. സംഘർഷകാലത്ത് നിരവധി തവണ വിമാനത്താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
വിമാനത്താവളത്തിലെ റെഡാർ, ഇന്ധനടാങ്ക് എന്നിവക്കും കേടുപാടുകൾ സംഭവിച്ചു. ഇവയുടെ അറ്റകുറ്റപണികൾ പൂർണമായും പൂർത്തിയാക്കി കൂടുതൽ സൗകര്യങ്ങളോടെയാണ് വിമാനത്താവളം വീണ്ടും തുറക്കുന്നത്. വിമാന സർവിസുകൾ പുനരാരംഭിക്കുമെന്നതിനും സുരക്ഷിതമായ യാത്രക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ജൂൺ ഒന്നു മുതൽ ഘട്ടം ഘട്ടമായി എല്ലാ വിമാനകമ്പനികളും സർവിസുകൾ പുനരാരംഭിക്കും. വിമാനകമ്പനികൾ ജൂൺ മുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ജൂണിൽ സ്കൂൾ അവധി ആരംഭിക്കുന്നതിനാൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർ നാട്ടിലേക്ക് പോകാൻ തയാറെടുത്തുവരികയാണ്. വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് ഇവർക്ക് ആശ്വാസമാകും. എന്നാൽ ഉയർന്ന ടിക്കറ്റ് നിരക്ക് പലർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സർവിസുകൾ വ്യാപകമാകുന്നതോടെ നിരക്കു കുറയും എന്നാണ് പ്രതീക്ഷ.
ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെയാണ് കുവൈത്ത് വിമാനത്താവളവും വ്യോമപാതയും താൽകാലികമായി അടച്ചിട്ടത്. ഏപ്രിൽ അഞ്ചു മുതൽ ടെർമിനലിൽ-4ൽ നിന്ന് കുവൈത്ത് എയർവേസും ടെർമിനൽ- 5 ൽ നിന്ന് ജസീറ എയർവേസും സർവീസുകൾ ആരംഭിച്ചിരുന്നു. എന്നാൽ വിദേശ വിമാനകമ്പികളുടെ സർവിസ് ആരംഭിക്കാത്തത് വലിയ യാത്രാ പ്രയാസങ്ങൾ തീർത്തിരുന്നു. തിങ്കളാഴ്ച മുതൽ ഇതിന് ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

