ജൂൺ മുതൽ യാത്ര എളുപ്പമാകും
text_fieldsകുവൈത്ത് സിറ്റി: ജൂൺ ഒന്നു മുതൽ കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ പൂർണതോതിൽ പുനരാരംഭിക്കാനിരിക്കെ സർവിസുകൾ വ്യാപിപ്പിച്ച് കുവൈത്ത് എയർവേസും ജസീറയും. ജൂൺ ഒന്നു മുതൽ എല്ലാ വിമാനകമ്പനികൾക്കും സർവിസിന് അനുമതി നൽകിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിരുന്നു.
ഇതോടെ നേരത്തെ സർവിസ് ആരംഭിച്ച കുവൈത്ത് എയർവേസും ജസീറയും സേവനങ്ങൾ വിപുലപ്പെടുത്തി.
58 സ്ഥലങ്ങളിലേക്ക് സർവിസുമായി കുവൈത്ത് എയർവേസ്
കുവൈത്തിൽ നിന്നുള്ള വിമാന സർവിസുകൾ കുവൈത്ത് എയർവേസ് വ്യാപിപ്പിക്കുന്നു. ജൂണിൽ വിവിധ രാജ്യങ്ങളിലെ 58 സ്ഥലങ്ങളിലേക്ക് 728 പ്രതിവാര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. നിലവിൽ ലോകമെമ്പാടുമുള്ള 45 ലക്ഷ്യസ്ഥാനങ്ങളിലേക്കിലേക്ക് 420 പ്രതിവാര വിമാന സർവീസുകൾ കുവൈത്ത് എയർവേസ് നടത്തുന്നുണ്ട്. ജൂൺ ഒന്നു മുതൽ കുവൈത്ത് വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സർവിസുകൾ.
ഫെബ്രുവരി 28ന് കുവൈത്ത് വ്യോമപാതയും വിമാനത്താവളവും അടച്ചിട്ടതിനു പിറകെ കുവൈത്ത് എയർവേയ്‌സിൽ ഏകദേശം 500,000 പേർ യാത്ര റദ്ദാക്കി. ഇതിൽ 55 ശതമാനം ടിക്കത്ത് തുക തിരികെ നൽകി. ബാക്കി 45 ശതമാനം പേർക്ക് തുക തിരികെ നൽകാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
വിമാനത്താവളം അടച്ചുപൂട്ടൽ, റീഫണ്ട് അപേക്ഷകളിലെ വർധനവ്, കഴിഞ്ഞ കാലയളവിൽ സർക്കാർ ഏജൻസികളിലെ ജീവനക്കാരുടെ എണ്ണം 30 ശതമാനത്തിൽ കൂടാത്തത് എന്നിവയാണ് റീഫണ്ട് നടപടിക്രമങ്ങളിലെ കാലതാമസത്തിന് കാരണം.
ജസീറ ലൂട്ടൺ സർവിസ് ജൂലൈ എട്ടു മുതൽ
ജസീറ എയർവേസ് ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നു. ടെർമിനൽ -5ൽ നിന്ന് ജൂലൈ എട്ടു മുതൽ ഈ ആരംഭിക്കുമെന്ന് ജസീറ എയർവേസ് അറിയിച്ചു. ഈ റൂട്ടിൽ ആഴ്ചയിൽ നാല് വിമാന സർവിസുകൾ നടത്തും.
ആഗസ്റ്റ് ഒന്നു മുതൽ ലൂട്ടണിലേക്കുള്ള വിമാന സർവീസുകൾ ദൈനംദിന സർവീസുകളായി വർധിപ്പിക്കുമെന്നും സി.ഇ.ഒ ഭരതൻ പശുപതി പറഞ്ഞു.
കുവൈത്തിൽ നിന്ന് ഏകദേശം ഏഴ് മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണ് ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിലേക്ക്. എയർലൈൻസിന്റെ എയർബസ് എ-320 വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. 239 ദീനാർ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നും ഭരതൻ പശുപതി പറഞ്ഞു.
ഈ വ്യോമപാതക്ക് സാമ്പത്തികവും നയതന്ത്രപരവുമായ പ്രാധാന്യമുണ്ടെന്നും കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും കുവൈത്തിലെ ബ്രിട്ടീഷ് എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ സ്റ്റുവർട്ട് സമ്മേഴ്‌സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

