കുവൈത്തിൽ നാലു മാസത്തിനിടെ 18,000 പേർക്ക് യാത്രവിലക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നാലു മാസത്തിനിടെ പുറപ്പെടുവിച്ചത് 18,000ത്തിലേറെ യാത്രവിലക്ക് ഉത്തരവുകള്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കുമായി ഇത്രയും ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനയാണ് യാത്രവിലക്കില്‍ ഉണ്ടായിട്ടുള്ളത്.
വിവിധ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നവർക്കാണ് രാജ്യത്ത് യാത്രവിലക്ക് ഏർപ്പെടുത്തുന്നത്. കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുകയോ പിഴ അടക്കുകയോ ചെയ്യാതെ ഇത്തരക്കാർക്ക് രാജ്യം വിടാനാകില്ല.സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും സിവിൽ-ക്രിമിനൽ കുറ്റകൃത്യങ്ങൾക്കും യാത്രാവിലക്കേർപ്പെടുത്തുന്നത് പതിവാണ്.
ഇതിൽ സ്വദേശികളും വിദേശികളുമുൾപ്പെടും. ബാധ്യതകൾ തീർക്കുന്നമുറക്കാണ് വിലക്ക് നീങ്ങുക.ഫർവാനിയ എക്സിക്യൂഷൻ ഡിപ്പാർട്ട്മെന്റാണ് ഈവർഷം ഏറ്റവും കൂടുതൽ വ്യക്തികളെ യാത്ര ചെയ്യുന്നതിൽനിന്ന് വിലക്കിയത്. 4,895 പേർക്ക് ഇവിടെ വിലക്കു വന്നു.
അഹമ്മദി -3,658, ജഹ്റ- 3,086, ഹവല്ലി- 3,004, സിറ്റി- 2,784, മുബാറക് അൽ കബീർ- 1,471 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. റിപ്പോർട്ട് പ്രകാരം ഈ കേസുകളിൽ ഭൂരിഭാഗവും ട്രാഫിക് നിയമലംഘനങ്ങൾ മൂലമാണ്.രണ്ടു വർഷം മുമ്പാണ് ഗതാഗത പിഴയടച്ചില്ലെങ്കിൽ യാത്രവിലക്ക് ഏർപ്പെടുത്തിയത്. വിദേശികൾ പിഴയടക്കാതെ നാടുവിട്ട വകയിൽ സർക്കാറിന് ലക്ഷക്കണക്കിന് ദീനാറിന്റെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് ബ്യൂറോ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

