പ്രവാസി തൊഴിലാളി പ്രശ്നങ്ങളിൽ സുതാര്യ നടപടികൾ -ആഭ്യന്തര മന്ത്രി
text_fieldsശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്
കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, പൗരത്വം പിൻവലിക്കൽ, ബിദൂനികളുടെ പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ സുതാര്യ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്.പ്രാദേശിക പത്ര എഡിറ്റർമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ശൈഖ് ഫഹദ്. എല്ലാം പ്രസിദ്ധീകരിക്കാമെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിദൂനികളുടെ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും, അന്യായമായി പൗരത്വം നേടിയവരെ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2005-ൽ ഏകദേശം 900 പേരിൽ നിന്ന് പൗരത്വം പിൻവലിച്ചെങ്കിലും അവരുടെ ആനുകൂല്യങ്ങൾ തുടരും. ദേശീയ ഐഡന്റിറ്റി ശുദ്ധീകരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്കായി എക്സിറ്റ് പെർമിറ്റ് സംവിധാനം തുടരും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണക്കാർക്കും മയക്കുമരുന്ന് കള്ളക്കടത്തുകാർക്കും എതിരെ നടപടികൾ ശക്തമാണ്. കടൽ വഴിയുള്ള കള്ളക്കടത്ത് നിയന്ത്രണ വിധേയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന മാധ്യമങ്ങളുടെ എഡിറ്റർ-ഇൻ-ചീഫുമാരുമായുള്ള സ്ഥിരം കൂടിക്കാഴ്ച മാസത്തിൽ ഒരിക്കൽ നടക്കുമെന്നും, മാധ്യമങ്ങളുമായുള്ള സംഭാഷണം തുടരുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

