മാധ്യമരംഗത്ത് സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മാധ്യമ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുന്നതിൽ 90 ശതമാനം കുറവുണ്ടായതായി വാർത്ത വിതരണ മന്ത്രാലയം അറിയിച്ചു. “നാഷനൽ മീഡിയ ആസ് ആൻ ആക്ഷൻ സർവിസ് - കുവൈത്ത് വിഷൻ 2035” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
മാധ്യമ രംഗത്ത് കൂടുതൽ ഉത്തരവാദിത്തബോധം പ്രകടമായതായും, കഴിഞ്ഞ വർഷം 96 കേസുകൾ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തപ്പോൾ ഈ വർഷം ഒമ്പതു കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയതായും മീഡിയ റെഗുലേഷൻ ഡയറക്ടർ ലാഫി അൽ സുബൈ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും ലൈസൻസില്ലാത്ത ഉൽപന്നങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നിയമം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ രംഗത്ത് സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നതല്ലെന്നും അൽ സുബൈ വ്യക്തമാക്കി.
എല്ലാ മാധ്യമങ്ങളെയും ഒരു സമഗ്ര നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.വാർത്തകളുടെ കൃത്യത ഉറപ്പാക്കുകയും ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനത്തിന് പ്രാധാന്യം നൽകുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2026-2030 കാലയളവിലേക്കുള്ള സമഗ്ര മാധ്യമ തന്ത്രം വികസിപ്പിക്കാൻ മന്ത്രാലയം പ്രവർത്തിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

