കുവൈത്തിൽ ഈ വർഷം ഡിസംബർ വരെ 3.4 ദശലക്ഷം ഗതാഗത ലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഈവർഷം നവംബർ അവസാനം വരെ റോഡപകടങ്ങളിൽ മരിച്ചത് 170 പേർ. 3.4 ദശലക്ഷം ഗതാഗത നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ ആറു ഗവർണറേറ്റുകളും വിവിധ നിയമലംഘനങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ വ്യതിചലിച്ചതാണ് 92 ശതമാനം അപകടങ്ങൾക്കും കാരണം. എട്ടു ശതമാനം വ്യത്യസ്തമായ മറ്റു കാരണങ്ങളാണ്.
ശ്രദ്ധക്കുറവുമൂലം 4,594 അപകടങ്ങൾ ഉണ്ടായി. 1,262 അപകടങ്ങൾ നടന്ന കുവൈത്ത് സിറ്റിയിലാണ് കൂടുതൽ അപകടങ്ങൾ. ഹവല്ലി- 1,015, ഫർവാനിയ- 669, ജഹ്‌റ -468, അഹ്മദി -730, മുബാറക് അൽ കബീർ- 450 എന്നിങ്ങനെയാണ് മറ്റ് അപകടങ്ങൾ.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 സ്ത്രീകൾ അടക്കം 170 ആണ്. ജഹ്‌റയിൽ 52 പേർ മരിച്ചു. 31 നും 40നും ഇടയിലുള്ളവരാണ് മരിച്ചവരിൽ ഭൂരിപക്ഷം. ഒരു മാസത്തിനും 10 വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളും പട്ടികയിലുണ്ട്. പൊലീസിന്റെ നേരിട്ടുള്ളതും കാമറകൾ വഴിയും ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് പെനാൽറ്റി ഡിവിഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ഉതൈബി പറഞ്ഞു. രാജ്യത്ത് എല്ലാ പ്രധാന റോഡുകളിലും വിവിധ പൊതുസ്ഥലങ്ങളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
മൊബൈൽ വില്ലൻ
മൊബൈൽ ഫോണുകളുടെ ഉപയോഗം മൂലമാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനം മുന്നിലുള്ളതിൽനിന്ന് കൃത്യമായ അകലം പാലിക്കണം. സീറ്റ് ബെൽറ്റ് ധരിക്കുക, അമിതവേഗത ഒഴിവാക്കുക, കുട്ടികളെ പിൻസീറ്റിൽ ഇരുത്തുക, മറ്റുള്ളവരെകൂടി സംരക്ഷിക്കുക എന്നിവ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

