ഗതാഗതപ്പിഴ; 24 മണിക്കൂറിനുള്ളിൽ പിരിച്ചത് 1.78 കോടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾക്കെതിരായ നടപടി കർശനമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ ട്രാഫിക് പിഴയിനത്തിൽ പിരിച്ചെടുത്തത് ഒരു കോടി 78 ലക്ഷം രൂപ. ട്രാഫിക് പിഴയടക്കാതെ വിദേശികളും ഗള്‍ഫ് പൗരന്മാരും രാജ്യം വിടുന്നത് വിലക്കി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനത്തിനു പിറകെയാണ് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഇത്രയും തുക പിരിച്ചെടുത്തത്. കര, വ്യോമ, കടൽ തുറമുഖങ്ങളിൽ സ്ഥാപിച്ച ഓഫിസുകള്‍ വഴിയാണ് പിഴത്തുക ഈടാക്കിയത്.
അതിനിടെ, കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി തീർപ്പാക്കാനാവാത്ത ഗുരുതര ഗതാഗത നിയമലംഘനങ്ങൾ കാരണം 50 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും യാത്ര തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘകരില്‍ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഗതാഗത നിയമലംഘനങ്ങൾ ആറു മിനിറ്റിനുള്ളിൽ രേഖപ്പെടുത്തി പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. എന്നാൽ, അമിതവേഗത്തിനും ഭിന്നശേഷിക്കാർക്കുള്ള സ്ഥലത്തെ പാർക്കിങ്ങിനുമുള്ള ഗതാഗതപ്പിഴകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കില്ല. ഇവ നേരിട്ട് അടക്കണം. ഗതാഗത ലംഘനങ്ങളുടെ അറിയിപ്പുകള് സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹല്‍ വഴി അറിയാം. നിയമം കര്‍ശനമാക്കുന്നതോടെ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കുറക്കാനും റോഡുകളിൽ കൂടുതൽ സുരക്ഷ വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ അർധവാർഷിക സ്ഥിതിവിവരക്കണക്കുകൾപ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 7,98,000 നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

