ഗതാഗത മരണങ്ങൾ 55 ശതമാനം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പുതുതായി നടപ്പാക്കിയ ഗതാഗതനിയമം വൻ ഹിറ്റ്. പുതിയ നിയമങ്ങൾ നടപ്പിലാക്കി ഒരു മാസത്തിനിടെ റോഡ് നിയമലംഘനങ്ങളും മരണങ്ങളും ഏകദേശം 83 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം, ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം 28,464 ആണ്. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 1,68,208 ആയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗതാഗത മരണങ്ങൾ 55 ശതമാനവും കുറഞ്ഞു. വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാത്തതും 75 ശതമാനം കുറഞ്ഞുവെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, റെഡ് ട്രാഫിക് ലൈറ്റ് മറികടക്കുന്നതും വേഗപരിധി ലംഘിക്കുന്നതുമാണ് നിലവിലും ഏറ്റവും കൂടുതൽ നിയമലംഘനങ്ങളെന്നും സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.
കർശനമായ നിയമപാലനമാണ് ഈ വിജയകരമായ ഫലങ്ങൾ തെളിയിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. വാഹനമോടിക്കുന്നവർ ജീവനും സ്വത്തിനും ഒരുപോലെ സംരക്ഷണം നൽകുന്നതിനായി നിയമങ്ങൾ കർശനമായി പാലിക്കാനും ആഹ്വാനം ചെയ്തു.
ഏപ്രിൽ 22നാണ് രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പാക്കിയത്. 1976ലെ ഗതാഗത നിയമങ്ങളിൽ വലിയ ഭേദഗതികളോടെയാണ് പുതിയ നിയമം. ഗതാഗത അപകടങ്ങൾ തടയുന്നതിനും ജീവനും സ്വത്തും സംരക്ഷിക്കലും ലക്ഷ്യമിട്ട് കർശന വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. റോഡ് സുരക്ഷയും സംരക്ഷണവും നിയമം ഉറപ്പാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ഗതാഗത അപകടങ്ങളുടെയും നിയമലംഘനങ്ങളുടെയും കുത്തനെയുള്ള വർധനവിനെ ചെറുക്കലാണ് പ്രധാന ലക്ഷ്യം.
നിയമം നടപ്പാക്കിയതിന്റെ ആദ്യ ദിവസം തന്നെ നിയമലംഘനങ്ങൾ 71 ശതമാനം കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

