ഇന്ത്യയിൽനിന്ന് വിനോദസഞ്ചാരികൾ വർധിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന.
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 1,67,678 വിനോദസഞ്ചാരികളാണ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ടൂറിസം പ്രമോഷൻ കാമ്പയിൻ നടത്തുമെന്ന് പൈതൃക-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ 29 വരെ ഇന്ത്യയിലെ അഞ്ച് പ്രമുഖ നഗരങ്ങളിലാണ് കാമ്പയിൻ നടക്കുന്നത്.
കാമ്പയിൻ ഡൽഹിയിൽ ആരംഭിക്കും. അഹ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും കാമ്പയിൻ നടക്കും. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ശിൽപശാലകളാണ് ഈ നഗരങ്ങളിൽ നടക്കുക. ഒമാൻ ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥർക്ക് പുറമെ ഒമാനിലെ ടൂറിസം കമ്പനികളുടെയും ഹോട്ടലുകളുടെയും എയർലൈനുകളുടെയും പ്രതിനിധികളും കാമ്പയിനിൽ പങ്കെടുക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തൽ മാത്രമല്ല ലക്ഷ്യമെന്നും അന്താരാഷ്ട്ര കോൺഫറൻസുകൾക്കും പ്രദർശനങ്ങൾക്കും വേദിയാകാനുള്ള ഒമാന്റെ സാധ്യതകൾകൂടി അവതരിപ്പിക്കുമെന്നും പൈതൃക-വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലെ ടൂറിസം പ്രമോഷൻ ഡയറക്ടറേറ്റ് ജനറലിലെ അസി. ഡയറക്ടർ അസ്മ ബിൻത് സലിം അൽഹജ്രി പറഞ്ഞു.
'ഇന്ത്യ ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മാർക്കറ്റാണ്. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് അവരുടെ താൽപര്യങ്ങളും ആവശ്യകതകളും അനുസരിച്ചുള്ള പാക്കേജുകളാണ് കാമ്പയിനിലൂടെ അവതരിപ്പിക്കുക. -അവർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

