ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ
text_fieldsബലി പെരുന്നാൾ ആഘോഷത്തിന് ഒരുങ്ങുന്ന കുവൈത്തിലെ ഫർവാനിയയിൽ താമസിക്കുന്ന പ്രവാസി മലയാളി കുടുംബത്തിലെ കുട്ടികൾ –ഫോട്ടോ: എസ്.പി. നവാസ്
കുവൈത്ത് സിറ്റി: 4000 വർഷങ്ങൾക്കുമുമ്പ് ദൈവത്തിന്റെ പ്രവാചകനായി നിയോഗിതനായ ഇബ്റാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ സ്മരണ പുതുക്കി സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾ ശനിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും.
കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ബലിപെരുന്നാൾ സമയത്ത് കോവിഡിന്റെ പിരിമുറുക്കത്തിൽ പൊലിമയില്ലായിരുന്നു. അതിന് മുമ്പത്തെ വർഷം നാട്ടിൽ പ്രളയം ദുരിതം വിതച്ച പശ്ചാത്തലത്തിൽ പ്രവാസി മലയാളികളുടെ പെരുന്നാൾ ആഘോഷത്തിന് പൊലിമ കുറവായിരുന്നു.
ഇത്തവണ നിയന്ത്രണങ്ങളും പിരിമുറുക്കവും ഇല്ലാത്ത സന്തോഷാവസ്ഥയാണുള്ളത്. സ്റ്റേഡിയങ്ങളും യൂത്ത് സെന്ററുകളും ഉൾപ്പെടെ 46 കേന്ദ്രങ്ങളിൽ ഈദ്ഗാഹ് നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കായിക യുവജന അതോറിറ്റിക്ക് കീഴിലെ യൂത്ത് സെന്ററുകൾ, സ്റ്റേഡിയങ്ങൾ, പള്ളികളോടുചേർന്ന മൈതാനങ്ങൾ എന്നിവിടങ്ങളിൽ ആണ് പ്രത്യേക പ്രാർഥന കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്. കാപിറ്റൽ, ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിൽ പത്തുവീതവും ജഹ്റയിലും ഹവല്ലിയിലും ആറുവീതവും മുബാറക് അൽ കബീർ ഗവർണറേറ്റിൽ നാലും സ്ഥലങ്ങളിൽ ഈദ്ഗാഹുകൾ നടക്കും. 5.10നാണ് ഔഖാഫ് പെരുന്നാൾ നമസ്കാരത്തിന് സമയം നിശ്ചയിച്ചിട്ടുള്ളത്. മലയാളം ഖുതുബ നടക്കുന്ന കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിലെ പള്ളികളിൽ 5.16നും കുവൈത്ത് കേരള ഇസ്ലാഹി സെൻറർ, ഇന്ത്യൻ ഇസ്ലാഹി സെന്റർ എന്നിവക്ക് കീഴിലെ പള്ളികളിൽ 5.12നും ആണ് പെരുന്നാൾ നമസ്കാരം.
സ്കൂൾ അവധിക്കാലം ആയതിനാൽ ഒരുവിഭാഗം കുടുംബങ്ങൾ നാട്ടിലാണുള്ളത്. ഒമ്പതുദിവസം അവധി ലഭിച്ചത് മുതലാക്കി പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽ പോയവർ ഏറെയാണ്. സംഘടിത ബലികർമത്തിന് ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. ചില മലയാളി സംഘടനകൾ പണം സ്വരൂപിച്ച് കേരളത്തിലും ഉത്തരേന്ത്യയിലും ബലികർമം നടത്താൻ അയച്ചുകൊടുത്തിരിക്കുകയാണ്. സർക്കാർതലത്തിൽ സുരക്ഷ നടപടിക്രമങ്ങൾ ശക്തിപ്പെടുത്തി.
ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് പ്രവാസി കൂട്ടായ്മകൾ കലാ സാംസ്കാരിക പരിപാടികളും പിക്നിക്കും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

