ടിക് ടോക് വിഡിയോകളിൽ അശ്ലീല കമൻറിട്ട് ബ്ലാക്ക് മെയിലിങ്
text_fieldsകുവൈത്ത് സിറ്റി: ടിക് ടോക് വിഡിയോകളിൽ അശ്ലീല കമൻറുകളിട്ടും അപവാദം പറഞ്ഞും ബ്ലാക്ക് മെയിൽ ചെയ്യുന്നതായി പരാതി. കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവും സദാചാര ആരോപണങ്ങളും നടത്തിയാണ് പണം തട്ടാൻ ശ്രമിക്കുന്നത്.സ്ത്രീകൾ മാന്യമായി ടിക് ടോക്കിൽ അപ്ലോഡ് ചെയ്യുന്ന വിഡിയോ ഡൗൺലോഡ് ചെയ്ത് തെറിപ്പാട്ട് ചേർത്ത് എഡിറ്റ് ചെയ്തും അശ്ലീല കമൻറുകൾ ചേർത്തുമാണ് തട്ടിപ്പിന് ശ്രമിക്കുന്നത്.
ഇങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെടുന്നു. കേസിെൻറ നൂലാമാലകളിലേക്ക് പോയാലുള്ള ബുദ്ധിമുട്ടുകൾ ഒാർത്തും കുടുംബത്തെയും ജോലിയെയും ബാധിക്കുമെന്ന് കരുതിയും നിയമനടപടികൾക്ക് മടിക്കുന്നത് സാമൂഹിക ദ്രോഹികൾക്ക് വളമാകുന്നു.
കുവൈത്തിലെ നിരവധി മലയാളി സ്ത്രീകൾ ഇവരുടെ ദുഷ്ടബുദ്ധിക്ക് ഇരയായി. എവിടെയിരുന്നാണ് ഇത് ചെയ്യുന്നത് എന്നറിയാൻ സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടൽ വേണ്ടിവരും.ഒരേസംഘം തന്നെയാണ് മിക്ക കേസുകൾക്കും പിന്നിൽ എന്ന് സംശയമുണ്ട്. വിഷയത്തിൽ ചില സാമൂഹിക പ്രവർത്തകർ ഇടപെടാൻ തയാറെടുക്കുന്നുണ്ട്. ഇരകളുടെ സമ്മതത്തോടെ നിയമനടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണവർ.
അശ്ലീല കമൻറുകൾക്ക് എതിരായി കമൻറുകളിലൂടെ പ്രതികരിക്കുന്നവരെയും രൂക്ഷമായി ആക്രമിക്കുന്നുണ്ട്.ഒരു നിലവാരവുമില്ലാത്ത പച്ചത്തെറി പറയുന്നവരോട് പിടിച്ചുനിൽക്കാനാകാതെ പ്രതികരിക്കുന്നവർ പിൻവാങ്ങുകയാണ്.

