നീണ്ട രാത്രി; മഴ നിറഞ്ഞ പകൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച രാത്രിക്ക് നീളം കൂടുതലായിരുന്നു. 13 മണിക്കൂറും 44 മിനിറ്റുമാണ് വ്യാഴാഴ്ച രാത്രി നീണ്ടത്. കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരുന്നു വ്യാഴാഴ്ച. വെള്ളിയാഴ്ച പകൽ മഴദിനമായിരുന്നു. ഇടവിട്ടുള്ള മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുംമൂലം വാനം ഇരുണ്ടുനിന്നു. പല പ്രദേശങ്ങളിലും കുറഞ്ഞ ദൃശ്യപരതയും അസ്ഥിരമായ കാലാവസ്ഥയും അനുഭവപ്പെട്ടു. ഇടക്കിടെയുള്ള മഴ മൂലം റോഡിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. വാഹന ഗതാഗതവും പതുക്കെയായി. ഇതോടെ വാഹനം ഓടിക്കുന്നവർ ശ്രദ്ധപുലർത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
വാഹനങ്ങൾ ദൂരം പാലിച്ച് സഞ്ചരിക്കാനും കുട്ടികളെ പിൻസീറ്റിൽ ഇരുത്താനും ബദൽ റൂട്ടുകളും കുഴികൾ നിറഞ്ഞ റോഡുകളും ഒഴിവാക്കാനും നിർദേശം വന്നു. മഴയും അസ്ഥിരമായ കാലാവസ്ഥയും മൂലം വെള്ളിയാഴ്ച വിൻറർ വണ്ടർലാൻഡിന് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവർക്ക് അടുത്ത മാർച്ചിനുള്ളിൽ ഏതു ദിവസവും അത് ഉപയോഗപ്പെടുത്താമെന്ന് വിൻറർ വണ്ടർലാൻഡ് അറിയിച്ചു. അതേസമയം, മഴ ശക്തിപ്രാപിക്കാത്തതിനാൽ ജനജീവിതം സാധാരണ നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

