24 മണിക്കൂറിനുള്ളിൽ മൂന്ന് ക്രൂയിസ് മിസൈലും 15 ഡ്രോണുകളും; റെസിഡൻഷ്യൽ വീട്ടിൽ ആക്രമണത്തിന്റെ കഷണങ്ങൾ പതിച്ചു
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച മൂന്ന് ക്രൂയിസ് മിസൈലുകളും 15 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്ക് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും പ്രത്യേക അടിയന്തര സംഘങ്ങൾ ഇത് നിയന്ത്രണവിധേയമാക്കിയതായും മന്ത്രാലയം അറിയിച്ചു. ഒരു റെസിഡൻഷ്യൽ വീട്ടിൽ ആക്രമണത്തിന്റെ കഷ്ണങ്ങൾ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
ലാൻഡ് ഫോഴ്‌സ് എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ സ്‌ഫോടകവസ്തു നിർമാർജന സംഘങ്ങൾ, ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഒരു പോർമുന കൈകാര്യം ചെയ്യുകയും സുരക്ഷിതമായി നശിപ്പിക്കുകയും ചെയ്തു. രാജ്യത്തെ സംരക്ഷിക്കുന്നതിനും ഭീഷണികളെ നേരിടുന്നതിനും ദേശീയ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത കുവൈത്ത് സായുധ സേന ആവർത്തിച്ച് ഉറപ്പിച്ചു. ഉയർന്ന കാര്യക്ഷമതയോടെ തങ്ങളുടെ കടമകൾ നിർവഹിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിരോധ ഇടപെടലുകളുടെ ഫലമായി രാജ്യത്ത് 13 കഷ്ണങ്ങൾ വീണതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലീബ് പറഞ്ഞു. സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ഫോടകവസ്തു നിർവീര്യമാക്കൽ ടീമുകൾ ഇവ വിജയകരമായി കൈകാര്യം ചെയ്തതു. ഇതോടെ സംഘർഷത്തിന്റെ തുടക്കം മുതൽ ഇതുമായി ബന്ധപ്പെട്ട ആകെ റിപ്പോർട്ടുകളുടെ എണ്ണം 629 ആയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

