കൂടുതൽ സ്വർണവുമായി യാത്രചെയ്യുന്നവർ കസ്റ്റംസ് രേഖ കരുതണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് സ്വർണക്കട്ടികളുമായി പുറത്തേക്ക് യാത്രചെയ്യുന്ന സ്വദേശികളും വിദേശികളും യാത്രക്കു മുമ്പ് അവയുടെ രേഖകൾ ശരിപ്പെടുത്തണം. വിമാനത്താവളത്തിലെ എയർ കാർഗോ കസ്റ്റംസ് വകുപ്പിൽ ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശമെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു. സ്വർണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളും കൊണ്ടുപോകുന്ന യാത്രക്കാർക്ക് കസ്റ്റംസ് രേഖ ആവശ്യമാണ്. പുതിയ ഉത്തരവു പ്രകാരം യാത്രക്ക് ഒരു ദിനം മുമ്പേ സ്വര്‍ണക്കട്ടികളുമായി ബന്ധപ്പെട്ട രസീത് അടക്കമുള്ള രേഖകള്‍ കസ്റ്റംസ് വകുപ്പിൽ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് കസ്റ്റംസ് വകുപ്പ് അനുമതിപത്രം നൽകും. ഈ രേഖകള്‍ തങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സമര്‍പ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊണ്ടുപോകുന്ന സ്വർണത്തിന്റെ ഔദ്യോഗികമായ രേഖകള്‍ സൂക്ഷിക്കുന്നത് യാത്രയിലെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രികൻ സ്വർണം ശരിയായി നേടിയതാണെന്നും നിയമവിരുദ്ധമായി കൈയടക്കിയതല്ലെന്നും ഇതുവഴി തെളിയിക്കാനുമാകും.
അതേസമയം, സ്ത്രീകള്‍ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങള്‍ക്ക് പുതിയ നിർദേശം ബാധകമല്ല. എന്നാല്‍, അളവില്‍ കവിഞ്ഞ രീതിയിലും കൂടുതലായും ആഭരണങ്ങള്‍ കൊണ്ടുപോവുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും.
രാജ്യത്തുനിന്ന് വലിയ അളവില്‍ സ്വർണം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. വിവിധ മാർഗങ്ങളിൽ സമ്പാദിക്കുന്ന പണം സ്വർണമാക്കി മാറ്റി പുറത്തേക്ക് കടത്തുന്നവരുമുണ്ട്. ഇവയെ ചെറുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

