മൂന്നുവർഷത്തിനിടെ മൂന്നാം തെരഞ്ഞെടുപ്പ്
text_fieldsകുവൈത്ത് സിറ്റി: നാലുവർഷമാണ് ദേശീയ അസംബ്ലി അംഗങ്ങളുടെ കാലാവധി. എന്നാൽ ചൊവ്വാഴ്ച രാജ്യത്ത് നടക്കുന്നത് മൂന്നുവർഷത്തിനിടെയുള്ള മൂന്നാം തെരഞ്ഞെടുപ്പാണ്. സർക്കാറും എം.പിമാരും തമ്മിലുള്ള ഭിന്നതകളും നിയമപ്രശ്നങ്ങളും കഴിഞ്ഞ രണ്ട് അസംബ്ലികൾ കാലാവധി പൂർത്തിയാകാതെ പിരിച്ചു വിടുന്നതിലേക്ക് നയിച്ചു.
2020ൽ തെരഞ്ഞെടുക്കപ്പെട്ട സഭ സർക്കാറും എം.പിമാരും തമ്മിൽ ഉടലെടുത്ത തർക്കങ്ങളെത്തുടർന്ന് അമീർ പ്രത്യേക അധികാരം ഉപയോഗിച്ച് പിരിച്ചുവിടുകയായിരുന്നു. 2022 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പ് ഭരണഘടന കോടതി റദ്ദാക്കുകയും ഉണ്ടായി.
2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിനുപിറകെ സർക്കാറും എം.പിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ഉടലെടുത്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനും മന്ത്രിമാർക്കുമെതിരെ എം.പിമാർ രംഗത്തെത്തിയതോടെ സർക്കാർ, പാർലമെന്റ് സംഘർഷം ശക്തമായി. 2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ചു.
ശൈഖ് സബാഹ് ഖാലിദിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ച് മാർച്ചിൽ പുതിയ മന്ത്രിസഭ രൂപവത്കരിച്ചു. എങ്കിലും സംഘർഷങ്ങൾക്ക് അയവുവന്നില്ല. തുടർന്ന് എം.പിമാരും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ ആഭിമുഖ്യത്തിൽ ‘നാഷനൽ ഡയലോഗും’ നടന്നു. 2021 ഡിസംബറിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 16 അംഗ മന്ത്രിസഭയിൽ പാർലമെന്റിൽനിന്ന് നാലുപേരെ ഉൾപ്പെടുത്തി. എന്നാൽ, ഈ മന്ത്രിസഭക്കും കൂടുതൽ ആയുസ്സുണ്ടായില്ല. 26 എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് 2022 ഏപ്രിലിൽ സർക്കാർ രാജിവെച്ചു. പാർലമെന്റ് സമ്മേളനങ്ങൾ മുടങ്ങൽ പതിവായി. 2022 ജൂൺ 23ന് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലി പിരിച്ചുവിട്ടു.
തുടർന്ന് 2022 സെപ്റ്റംബർ 29ന് പൊതു തെരഞ്ഞെടുപ്പ് നടന്നു. പിറകെ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിൽവന്നു. മുൻ അനുഭവങ്ങൾ ഒഴിവാക്കി സർക്കാറും എം.പിമാരും രമ്യതയിൽ മുന്നോട്ടുപോകാൻ ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു.
എന്നാൽ, മാർച്ച് 19ന് 2022ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയും 2020ലെ അസംബ്ലി പുനഃസ്ഥാപിച്ചും ഭരണഘടനാ കോടതി വിധി പുറപ്പെടുവിച്ചു. 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ദേശീയ അസംബ്ലി അംഗങ്ങളെ കോടതി പുനഃസ്ഥാപിച്ചു. 2020ലെ മർസൂഖ് അൽ ഗാനിമിനെ ദേശീയ അസംബ്ലിയുടെ സ്പീക്കറായി തിരിച്ചെടുക്കാനും ഭരണഘടനാ കോടതി ഉത്തരവിട്ടു. പുതിയ വിധി വന്നതോടെ നിലവിലുള്ള എം.പിമാർ ദേശീയ അസംബ്ലയിൽനിന്ന് പുറത്താവുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളാവുകയും ചെയ്തു. ഇതിനിടെ എപ്രിൽ 17ന് 2020ലെ പാർലമെന്റ് അമീർ പിരിച്ചുവിട്ടു. ഇതോടെ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കൂടി എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

