താപനിലയിൽ കുറവുണ്ടാകും; പകൽസമയ തൊഴിൽ നിയന്ത്രണം അവസാനിച്ചു
text_fieldsകുവൈത്ത് സിറ്റി: കനത്ത ചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ പകൽ സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു. ഇതോടെ ഇന്നു ഒന്നു മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും. രാജ്യത്ത് ചൂടേറിയ ദിവസങ്ങളായ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാവിലെ 11നും നാലിനും ഇടയിലാണ് പുറംതൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തൊഴിലാളികളെ കനത്ത ചൂടിൽനിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നിയന്ത്രണം. ശാരീരിക ബുദ്ധിമുട്ടുകൾ, നിർജലീകരണം എന്നിവ ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതിനാണ് നിയന്ത്രണം. ബൈക്കുകളിലെ ഹോം ഡെലിവറി, നിർമാണ മേഖല എന്നിവ അടക്കം കർശനമായി നിയമം നടപ്പാക്കിയിരുന്നു.
നിയമം നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ശക്തമായ പരിശോധനയും നടത്തിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഈ വർഷം ആഗസ്റ്റ് പകുതിവരെ 64 ലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കിയിരുന്നു. 2015ലാണ് രാജ്യത്ത് പകൽ പുറംതൊഴിൽ നിയന്ത്രണം ആദ്യമായി അവതരിപ്പിച്ചത്. വേനൽക്കാല നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് കൺസ്യൂമർ ഓർഡർ ഡെലിവറി കമ്പനികളുമായി അഫിലിയേറ്റ് ചെയ്ത മോട്ടോർ സൈക്കിളുകളുടെ പകൽ സമയ പ്രവർത്തനം പുനരാരംഭിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ ഇവയുടെ പ്രവർത്തനം പഴയ രൂപത്തിലാകും. അതേസമയം, ഹൈവേകളിലും റിങ് റോഡുകളിലും ഇവക്ക് വിലക്ക് തുടരും.രാജ്യത്ത് വരുംദിവസങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ ആദ്യവാരത്തോടെ താപനില ക്രമേണ 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നുമാണ് സൂചന. അടുത്ത രണ്ടാഴ്ച രാജ്യത്ത് മിതമായ വേനൽക്കാല കാലാവസ്ഥയായിരിക്കുമെന്നാണ് സൂചന. രാത്രികാല ചൂടും പതിയെ മാഞ്ഞുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

