ബഖാലകളുടെ ഷട്ടർ തകർത്ത് മോഷണം പതിവാകുന്നു
text_fieldsഅബ്ബാസിയയിലെ ബഖാലയുടെ ഷട്ടർ തകർത്ത നിലയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ബഖാലകളുടെ ഷട്ടർ തകർത്ത് മോഷണം പതിവാകുന്നു. ഒരാഴ്ചക്കിടെ അബ്ബാസിയയിൽ ഇത്തരം ആറു സംഭവങ്ങൾ ആവർത്തിച്ചു. മലയാളികൾ അടക്കമുള്ള പ്രവാസികളുടെ കടകളിലാണ് കവർച്ച നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ സംഭവം വ്യക്തമാണെങ്കിലും കവർച്ചക്കാർ മുഖം തുണികൊണ്ട് കെട്ടിയിരിക്കുകയാണ്.
ഒരാളുടെ മുഖം ഒരു കടയിലെ ദൃശ്യത്തിൽ വ്യക്തമാണ്. കടയുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷട്ടറിെൻറ വിടവിൽ കമ്പിപ്പാര കയറ്റി തിക്കിയകറ്റിയാണ് തകർത്ത് അകത്തുകയറുന്നത്. തുടർന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും വാരിയെടുത്ത് കൊണ്ടുപോകുന്നു. അകത്തെ സാധനങ്ങൾ വാരിവലിച്ചിടുകയും ചില്ല് തകർക്കുകയും ചെയ്തിട്ടുണ്ട്. സംഭവം ആവർത്തിക്കുന്നത് പ്രവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. ഒരേ സംഘം തന്നെയാണ് അതിക്രമത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
ആയിരക്കണക്കിന് ദീനാർ നഷ്ടമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ ക്ഷീണം വിട്ടുമാറുംമുമ്പ് കവർച്ചയുടെ ഭീഷണികൂടി ആവുന്നതിൽ വ്യാപാരികൾ നിരാശയിലാണ്. പ്രദേശത്ത് പൊലീസ് പട്രോൾ ശക്തമാക്കണമെന്നും കുറ്റക്കാരെ പിടികൂടണമെന്നുമാണ് ആവശ്യം. തുടർച്ചയായ ദിവസങ്ങളിൽ അബ്ബാസിയയുടെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ കവർച്ച നടന്നു. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പ്രവാസി കൂട്ടായ്മകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. അറബി സംസാരിക്കുന്നവരുടെ സംഘമാണ് കവർച്ചക്കു പിന്നിലെന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

