കനത്ത ചൂടിനൊപ്പം സജീവമായി കാറ്റും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടിനൊപ്പം സജീവമായി കാറ്റും. വെള്ളിയാഴ്ച രാജ്യത്തുടനീളം ഇടവിട്ട് മണിക്കൂറിൽ 55 കിലോമീറ്ററിൽ വരെ വേഗതയുള്ള കാറ്റ് വീശി. ഇത് പൊടിക്കാറ്റിന് കാരണമാകുകയും ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറക്കുകയും ചെയ്തു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വികാസവും ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡം രാജ്യത്തെ ബാധിച്ചതായും വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുമെന്നും കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.
വൈകുന്നേരത്തോടെ പൊടിപടലങ്ങൾക്ക് കുറവുണ്ടായി. കാറ്റിന്റെ ഫലമായി കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയർന്നു. വരും ദിവസങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാറ്റ് സജീവമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കാലയളവിൽ പരമാവധി താപനില 46 നും 48 നും ഇടയിലായിരിക്കും. കുറഞ്ഞ താപനില 31 നും 34 നും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയും ഉയർന്ന താപനില തുടരും.
മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾക്ക് സാധ്യതയുണ്ട്. രാത്രി കാറ്റിന്റെ വേഗത കുറയും. കുറഞ്ഞ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

