സ്കൂൾ ബാഗിന്റെ ഭാരം പകുതിയായി കുറക്കാൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വിദ്യാർഥികളുടെ ആരോഗ്യം സംരക്ഷിക്കാനും സുഖകരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് സ്കൂൾ ബാഗിന്റെ ഭാരം പകുതിയായി കുറക്കാൻ തീരുമാനിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബാഇ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി. 2024-2025ലെ രണ്ടാം സെമസ്റ്ററിലേക്കുള്ള പാഠപുസ്തകങ്ങൾ സ്കൂൾ ബാഗുകളുടെ ഭാരം കുറക്കുക എന്ന ലക്ഷ്യത്തിന് അനുസൃതമായാണ് അച്ചടിക്കുക.
രണ്ടാം സെമസ്റ്റർ പാഠപുസ്തകങ്ങളെ രണ്ട് ഭാഗമായി വിഭജിക്കും. അച്ചടിയുടെ ഗുണനിലവാരത്തിലോ വിദ്യാഭ്യാസപരമായ ഉള്ളടക്കത്തിലോ വിട്ടുവീഴ്ച ചെയ്യില്ല. വിദ്യാർഥികൾ ശേഷിയിൽ കവിഞ്ഞ ഭാരം ചുമന്നാണ് സ്കൂളിലെത്തുന്നതെന്നും ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകുമെന്ന വിദഗ്ധ വിലയിരുത്തൽ പരിഷ്കാരത്തിന് പിറകിലുണ്ട്.
ലോകാരോഗ്യ സംഘടന രാജ്യാന്തരതലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ശരീരഭാരത്തിന്റെ പത്തു ശതമാനം മാത്രമായിരിക്കണം സ്കൂൾ ബാഗിന്റെ ഭാരമെന്ന് വ്യക്തമായി നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഗവേഷണം, പാഠ്യപദ്ധതി, പൊതുവിദ്യാഭ്യാസം, ബജറ്റ് എന്നിവയിൽ കാര്യക്ഷമമായ മാറ്റം കൊണ്ടുവരാൻ ലക്ഷമിട്ട് മന്ത്രാലയം നിരവധി നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

