2500 നഴ്സറി ജീവനക്കാർക്ക് വാക്സിൻ നൽകി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ട കുവൈത്തിലെ നഴ്സറികൾ തുറന്നുപ്രവർത്തിക്കുന്നതിന് മുന്നോടിയായി ജീവനക്കാർക്ക് വാക്സിൻ നൽകുന്നു. ചൊവ്വാഴ്ച 2500 സ്വകാര്യ നഴ്സറി ജീവനക്കാർക്ക് കുത്തിവെപ്പെടുത്തു. ആരോഗ്യ-സാമൂഹ്യകാര്യ മന്ത്രാലയങ്ങള് സഹകരിച്ചാണ് കാമ്പയിന് നടത്തുന്നത്.
ഇൗ മാസം തന്നെ നഴ്സറികൾ തുറക്കും. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം നഴ്സറി ഉടമകൾക്കാണ്. ഇത് പരിശോധിക്കാൻ മന്ത്രാലയ ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. രക്ഷിതാക്കളും ഇത് ഉറപ്പുവരുത്തണം.
ഒരു വർഷത്തിലേറെയായി നഴ്സറികൾ അടഞ്ഞുകിടക്കുകയാണ്. പ്രത്യേക പരിചരണം ലഭിക്കേണ്ട കുട്ടികൾക്ക് നഴ്സറികൾ തുറക്കാത്തതിനാൽ വിവിധ പ്രയാസങ്ങൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ നഴ്സറികളാണ് വേഗത്തിൽ തുറക്കേണ്ടത്.
പരിശീലനം സിദ്ധിച്ച അധ്യാപകരും തെറപ്പിസ്റ്റുകളും നൽകിയിരുന്ന പരിചരണം കിട്ടാതായതോടെ കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം കൈകാര്യം ചെയ്യാനാവാതെ ബുദ്ധിമുട്ടുകയാണ് മാതാപിതാക്കൾ. നേരത്തെ സ്വന്തമാക്കിയ പല കഴിവുകളും ഇൗ കുട്ടികൾക്ക് നഷ്ടമായി.
കോവിഡ് പ്രതിസന്ധി നീണ്ടുപോയപ്പോൾ വീട്ടിലിരിക്കാൻ നിർബന്ധിതരാകുകയും കഴിവുകൾ നഷ്ടമാകുകയുമായിരുന്നു. ഹൈപ്പർ ആക്ടീവ് പോലെയുള്ള പ്രത്യേക സ്വഭാവങ്ങൾ ഇവർ കാണിക്കുന്നു.
പലതരം ആക്ടിവിറ്റികളിലൂടെയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അത്യാവശ്യം വേണ്ട കഴിവുകൾ വളർത്തിയെടുക്കുന്നത്.
മറ്റു കുട്ടികളുമായുള്ള സമ്പർക്കം ഇക്കാര്യത്തിൽ നിർണായകമാണ്. ഇക്കാരണം കൊണ്ടുതന്നെ സ്പെഷൽ സ്കൂളുകൾ കടുത്ത നിയന്ത്രണങ്ങളോടെ കഴിഞ്ഞ ഡിസംബറിൽ തുറന്നുനൽകി.
എന്നാൽ, നഴ്സറികൾക്ക് തുറക്കാൻ അനുമതി നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

