പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ സെപ്റ്റംബർ ഒന്നിന്
text_fieldsപ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ പ്രമേയം സെപ്റ്റംബർ ഒന്നിന് പാർലമെൻറ് ചർച്ച ചെയ്യും. അബ്ദുൽ കരീം അൽ കൻദരി, അൽ ഹുമൈദി അൽ സുബൈഇ എന്നീ എം.പിമാരാണ് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ കൊണ്ടുവന്നത്. ഇതേ ദിവസം തന്നെ ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹിനെതിരെയും കുറ്റവിചാരണയുണ്ട്.
മുഹമ്മദ് ഹായിഫ് എം.പിയാണ് ആഭ്യന്തരമന്ത്രിയെ കുറ്റവിചാരണ നടത്തുന്നത്. അനസ് അൽ സാലിഹിനെതിരെ സമർപ്പിക്കപ്പെട്ട അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം പാർലമെൻറ് വോട്ടിനിട്ട് തള്ളിയിരുന്നു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മറച്ചുവെച്ചു എന്നാണ് മുഹമ്മദ് ഹായിഫ് എം.പി ആഭ്യന്തര മന്ത്രിക്കെതിരെ ആരോപിക്കുന്നത്. അതിനിടെ കുറ്റവിചാരണ പാർലമെൻറ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും എന്നാൽ, ഉത്തരവാദിത്തബോധത്തോടെ ഇത് നിർവഹിക്കണമെന്നും സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു.

