വസ്മ് സീസൺ മൂന്നാം ഘട്ടത്തിൽ ഇനി തണുപ്പാർന്ന പകലിരവുകൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇനി തണുപ്പാർന്ന പകലിരവുകൾ. നവംബർ രണ്ടാം വാരം ആരംഭിച്ച വസ്മ് സീസൺ മൂന്നാം ഘട്ടമായ ‘ഗഫ്റി’ലേക്ക് കടന്നു. 13 ദിവസം നീണ്ടുനിൽക്കുന്ന ഗഫ്ർ രാജ്യത്ത് താപനില കുറയാൻ തുടങ്ങുന്ന കാലഘട്ടമാണ്. ഗഫ്ർ ശരത്കാലത്തിന്റെ ഏഴാം ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു.തണുത്ത കാലാവസ്ഥയും പകൽ നേരിയ താപനിലയും ഇതിന്റെ സവിശേഷതയാണ്. ഈ കാലയളവിൽ രാത്രികൾ നീണ്ടുനിൽക്കുകയും പകൽ സമയം കുറയുകയും ചെയ്യും. രാത്രികൾ ഏകദേശം 13 മണിക്കൂറും 12 മിനിറ്റും നീണ്ടുനിൽക്കുന്നതാകും.
ഈ ഘട്ടത്തിന്റെ തുടക്കത്തിൽ രാവിലെ 6:08 നും അവസാനത്തിൽ 6:19 നും ആയിരിക്കും സൂര്യോദയം.
നമസ്കാര പ്രാർഥന സമയങ്ങളിലും ഇതിനനുസരിച്ച് മാറ്റമുണ്ടാകും. അസർ നമസ്കാരം ഉച്ചക്ക് 2:34 ന് ആരംഭിച്ച് ക്രമേണ 2:31 ലേക്ക് മാറും. കുവൈത്തിൽ ശൈത്യകാല വിളകൾ നടുന്നതിന് അനുയോജ്യമായ സമയമായി കാർഷിക കലണ്ടർ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. ഈന്തപ്പനകൾക്ക് വളപ്രയോഗം നടത്തുന്നതും മണ്ണ് ഉഴുതുമറിക്കുന്നതും ഈ കാലത്താണ്.
ശൈത്യകാലത്തിന്റെ ആരംഭത്തിന്റെ സൂചനയാണ് ഗഫ്ർ. രാജ്യത്ത് സ്വാഭാവിക മഴ എത്തുന്ന ഘട്ടം കൂടിയാണ് വസ്മ് സീസൺ.
അസ്ഥിരമായ കാലാവസ്ഥ, മഴ, കാറ്റ്, പ്രക്ഷുബ്ധമായ കടൽ എന്നിവയും ഈ ഘട്ടത്തിൽ ഉണ്ടാകും. 52 ദിവസം നീണ്ടുനിൽക്കുന്ന വസ്മ് സീസണിലെ അടുത്ത ഘട്ടമായ സുബാന കഴിയുന്നതോടെ രാജ്യം ശൈത്യകാലത്തിൽ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

