സ്നേഹത്തിന്റെ പൂക്കളം തീർത്ത പഠനകാലം
text_fieldsസമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും നല്ല നാളുകളുടെ സ്മരണകളാണ് മലയാളിക്ക് ഓണം. നാട്ടിൻപുറങ്ങളുടെ നന്മകൾ നിറഞ്ഞ ഭൂതകാലത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന കാലം. ആ ഓർമകൾ വായിക്കാം.
എല്ലാ ആഘോഷങ്ങളെയും പോലെ ഓണെത്തയും ഐക്യത്തോടെ ആഘോഷപൂർവം വരവേൽക്കുകയും കൊണ്ടാടുകയും ചെയ്യുന്നവരാണ് കോഴിക്കോട്ടുകാർ. ഓണക്കാലമായാൽ മലയാളികൾ ഒന്നടക്കം ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാകും. അത്തം മുതൽ വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. അതിന്റെ കൗതുകം നുകർന്നാകും കുട്ടിക്കാലത്ത് സ്കൂളുകളിലേക്കുള്ള യാത്ര.
വസ്ത്ര വിൽപനശാലകളിൽ പുതിയ മോഡലുകൾ വിൽപനക്കെത്തുന്നതും ഓണക്കാലത്താണ്. കോഴിക്കോട് അങ്ങാടിയിലേയും മിഠായിത്തെരുവിലെയും മാത്രമല്ല ചെറിയ ഗ്രാമങ്ങളിൽ വരെ ഓണത്തിന്റെ വരവറിയിച്ച് പല നിറങ്ങളിൽ പുതുവസ്ത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടാകും.
കോഴിക്കോട്ടെ മുസ്ലിം ചുറ്റുപാടിൽ വളർന്ന എനിക്ക് കുട്ടിക്കാലത്ത് ഇതെല്ലാം കൗതുകങ്ങളായിരുന്നു. കോളജിലെത്തിയതോടെയാണ് ആഘോഷങ്ങളുടെ സന്തോഷം കൂടുതൽ അനുഭവിച്ചുതുടങ്ങിയത്. വെള്ളിമാടുകുന്ന് ലോ കോളജ് പഠനകാലം അതുകൊണ്ടുതന്നെ ഇന്നും മധുരമുള്ള ഓർമകളായി തുടരുന്നു.
ഓണപ്പൂക്കളം തീർക്കൽ, വിവിധ മത്സരങ്ങൾ, കലാപരിപാടി, ഓണസദ്യ എന്നിവയെല്ലാം ഒരുമിക്കുന്ന വലിയ ആഘോഷങ്ങളുടെതായിരുന്നു കോളജിലെ ഓണക്കാലം. സുഹൃത്തുക്കൾക്കൊപ്പം പൂക്കളം തീർക്കലിലായിരുന്നു എന്റെ പ്രധാന കലാപരിപാടി.
എല്ലാ ‘മോഡേൺ’ പെൺകുട്ടികളും സെറ്റു സാരിയും പൂക്കളുമൊക്കെ ചൂടി തനിനാടൻ സുന്ദരിമാരാകുന്ന ദിനം കൂടിയാണ് ഓണാഘോഷം. ജാതിയോ, മതമോ ഒന്നും ആഘോഷങ്ങളെ ബാധിച്ചിരുന്നതേയില്ല. എല്ലാവരും ഒരുമിച്ച് ചേർന്ന് സ്നേഹത്തിന്റെ മനോഹരമായ വലിയൊരു പൂക്കളം തീർത്തിരുന്ന കാലം.
കുവൈത്തിൽ എത്തിയപ്പോൾ നാട്ടിലേക്കാൾ വലിയ ആഘോഷങ്ങൾ കണ്ടു. പ്രവാസി സംഘടനകളുടെ ആഘോഷം നാട്ടിലെ ഓർമകളെ മറികടക്കുന്ന തരത്തിലാണ്. കുവൈത്തിലെ ഇന്ത്യൻ ലോയേഴ്സ് ഫോറം അംഗമായതോടെ അവരോടൊപ്പമായി ആഘോഷം. പൂക്കളം തീർക്കലും ഓണസദ്യയും എല്ലാമായി നാടോർമകളിൽ എല്ലാ പ്രവാസികളെയും പോലെ ഇപ്പോൾ ഞാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

