ഉണർന്ന് ആകാശം; പറന്നുയർന്നു വിമാനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ -4,5 എന്നിവിടങ്ങളിൽ നിന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചു. ഞായറാഴ്ച ടെർമിനൽ -4ൽ നിന്ന് കുവൈത്ത് എയർവേസും ടെർമിനൽ -5 ൽ നിന്ന് ജസീറ എയർവേസും സർവീസുകൾ നടത്തി.
57 ദിവസത്തെ വിമാനത്താവള അടച്ചിട്ടതിനുശേഷമാണ് കുവൈത്തിൽ നിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിക്കുന്നത്.
ഞായറാഴ്ച കെയ്‌റോ, അമ്മാൻ, ഡൽഹി, മുംബൈ, മനില എന്നിവിടങ്ങളിലേക്ക് സർവീസുകൾ പുനരാരംഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കുവൈത്ത് എയർവേസ് ആക്ടിംഗ് സി.ഇ.ഒ അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു.
കുവൈത്ത് എയർവേയ്സ് തിങ്കളാഴ്ച മുതൽ കേരളത്തിലേക്കുള്ള സർവിസുകൾ പുനരാരംഭിക്കും. കൊച്ചിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസും തിരുവന്തപുരത്തേക്ക് രണ്ടു സർവിസുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊച്ചി സർവിസുകൾ. തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് തിരുവനന്തപുരത്തേക്ക് വിമാനങ്ങൾ.
കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് ജസീറ എയർവേസ് ആഴ്ചയിൽ മൂന്നു സർവിസുകൾ നടത്തും.
കൊച്ചിയിലേക്ക് ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് ജസീറ എയർവേസ് സർവിസുകൾ.
ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെയാണ് കുവൈത്ത് വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടത്. സഥിതിഗതികൾ ശാന്തമായതോടെ വ്യാഴാഴചയാണ് കുവൈത്ത് വ്യോമപാത തുറന്നത്.
ഘട്ടം ഘട്ടമായിട്ടായിരിക്കും സർവിസുകൾ വ്യാപിപ്പിക്കുക. കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസുകൾ വൈകാതെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
നടപടികൾ എളുപ്പത്തിലാക്കാൻ നേരത്തേ എത്താം
കുവൈത്ത് സിറ്റി: യാത്ര നടപടികൾ എളുപ്പത്തിലാക്കാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് ടെർമിനൽ-4ൽ എത്തണമെന്ന് കുവൈത്ത് എയർവേസ് ഉണർത്തി. സുരക്ഷാ വിഭാഗം നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
യാത്രക്കാർക്ക് ടെർമിനൽ -4 നടുത്തുള്ള പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താം. ഇത് യാത്രക്കാരെ എത്തിക്കാനും സ്വീകരിക്കാനും മാത്രമായിരിക്കും. വരുന്നതും, പുറപ്പെടുന്നതുമായ മുഴുവൻ വിമാനങ്ങളും ഗ്രൗണ്ട് ലെവൽ ഗേറ്റുകൾ വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
ഇത് കുവൈത്തിലേക്കെത്തുന്ന യാത്രക്കാർക്ക് നേരിട്ട് ടെർമിനൽ -4ന് എതിർവശത്തുള്ള പാർക്കിംഗ് സ്ഥലത്തേക്ക് എത്താനും എളുപ്പത്തിൽ നടപടികൾ തീർക്കാനും സഹായിക്കും.
2,000 ത്തിലധികം യാത്രക്കാരെ എത്തിച്ച് ജസീറ
കുവൈത്ത് സിറ്റി: ജസീറ എയർവേസ് ഞായറാഴ്ച ബെയ്‌റൂത്ത്, കെയ്‌റോ, ഇസ്താംബുൾ, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി.
രാവിലെ എട്ടു മുതൽ വൈകുന്നേരം നാലുവരെയായി 2,000 ത്തിലധികം യാത്രക്കാർ ഈ സർവിസ് ഉപയോഗപ്പെടുത്തി. ചെക്ക്-ഇൻ, പുറപ്പെടൽ എന്നിവയ്ക്കുള്ള എല്ലാ പ്രക്രിയകളും നടപടിക്രമങ്ങളും സുഗമമായി പൂർത്തിയാക്കി വിമാനങ്ങൾ കൃത്യസമയത്ത് പറന്നുയർന്നു.
മേയ് രണ്ടു വരെ ജസീറ എയർവേയ്‌സ് ബെയ്‌റൂത്ത്, കെയ്‌റോ, ഇസ്താംബുൾ, മുംബൈ അമ്മാൻ, ദമാസ്കസ്, ഡൽഹി, കൊച്ചി, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് 48 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

