കുവൈത്ത് സിറ്റി: ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ രണ്ടാം ഡോസ് നേരത്തെ നൽകാൻ തീരുമാനിച്ചു. നേരത്തെ രണ്ടു ഡോസുകൾക്കിടയിൽ മൂന്നു മാസത്തെ ഇടവേള ആറാഴ്ചയായി കുറക്കാനാണ് തീരുമാനം.
ഇതനുസരിച്ച് ആദ്യഡോസ് സ്വീകരിച്ച് രണ്ടാമത്തേതിന് കാത്തിരിക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയം പുതിയ അപ്പോയിൻമെൻറ് സന്ദേശം അയച്ചുതുടങ്ങി. കൂടുതൽ ഡോസ് ആസ്ട്രസെനക വാക്സിൻ ലഭ്യമായതോടെയാണ് നേരത്തെ നൽകാൻ തീരുമാനിച്ചത്. പരമാവധി വേഗത്തിൽ ഭൂരിഭാഗം പേർക്കും രണ്ടു ഡോസ് വാക്സിൻ നൽകി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുകയെന്നതും അധികൃതർ ലക്ഷ്യമിടുന്നു. ഇടവേള കുറക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം വിദഗ്ധാഭിപ്രായം തേടി.
ഒന്നരമാസത്തെ ഇടവേളയിൽ രണ്ടു ഡോസ് നൽകുന്നത് കൊണ്ട് പ്രശ്നമില്ലെന്നാണ് കിട്ടിയ നിർദേശം. ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാമത്തേതിന് അപ്പോയിൻമെൻറ് തീയതി ലഭിച്ചവർ പുതിയ തീയതി അറിയാൻ മൊബൈൽ ഫോണിലെ ടെക്സ്റ്റ് മെസേജ് ശ്രദ്ധിക്കേണ്ടി വരും.