ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കും
text_fieldsമന്ത്രി ഡോ.അംതാൽ അൽ ഹുവൈല ഐക്യരാഷ്ട്രസഭ കൺവെൻഷനിൽ
കുവൈത്ത് സിറ്റി: ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യവികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കി സാമൂഹിക, കുടുംബകാര്യ, ബാല്യകാല മന്ത്രി ഡോ.അംതാൽ അൽ ഹുവൈല.
ഐക്യരാഷ്ട്രസഭയിൽ നടന്ന ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾക്കായുള്ള കൺവെൻഷന്റെ 18ാമത് സെഷന്റെ ഭാഗമായി പ്രതികരിക്കുകയായിരുന്നു മന്ത്രി. അന്താരാഷ്ട്ര കരാറുകളുമായി ഐക്യപ്പെടാനും സാമൂഹിക നീതിയും സുസ്ഥിര വികസനങ്ങളും കൈവരിക്കാനുമുള്ള കുവൈത്തിന്റെ ശ്രമങ്ങളെ ഡോ.അംതാൽ അൽ ഹുവൈല എടുത്തുകാട്ടി.
ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങളെയും സംഭാവനകളെയും കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുന്നതിന് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൂതന ധനസഹായം, പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയുടെയും എ.ഐയുടെയും പങ്ക്, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന വിഷയങ്ങൾ. സംയുക്ത ശ്രമങ്ങളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ അറബ് ഏകോപനത്തിന്റെ പ്രാധാന്യവും ഡോ.അൽ ഹുവൈല സൂചിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് കുവൈത്ത് ഭിന്നശേഷി ഗൈഡ് -2025 പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഭിന്നശേഷി നിയമങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിവരികയാണ്.
അന്താരാഷ്ട്ര, പ്രാദേശിക ചട്ടക്കൂടുകൾ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനായി ഒരു ഉന്നതതല ദേശീയ സമിതിയും രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വർഷം നവംബറിൽ സാമൂഹിക വികസനത്തിനായുള്ള രണ്ടാം ലോക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ തയാറെടുപ്പുകൾക്ക് ഡോ. അൽ ഹുവൈല പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

