വേനൽ അവസാനത്തിലേക്ക്; സെപ്റ്റംബർ ഒന്നുമുതൽ പുറംതൊഴിൽ നിയന്ത്രണം നീങ്ങും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ ക്കാലം അവസാനത്തിലേക്ക്. അടുത്തമാസത്തോടെ കനത്ത ചൂടിന് കുറവുണ്ടാകും. ഇതോടെ പകൽ സമയത്ത് ഏർപ്പെടുത്തിയ തൊഴിൽ നിയന്ത്രണങ്ങളും പിൻവലിക്കും.
ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് രാജ്യത്ത് പകൽ സമയത്തെ പുറം തൊഴിലുകൾക്ക് നിയന്ത്രണം ഉള്ളത്. കടുത്ത വേനൽച്ചൂടിനെ തുടർന്ന് തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിരോധനം. ഇതിന്റെ ഭാഗമായാണ് മോട്ടോർ സൈക്കിളുകളിലെ ഡെലിവറിക്കും വിലക്ക് വന്നത്.
വേനൽക്കാല നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് കൺസ്യൂമർ ഓർഡർ ഡെലിവറി കമ്പനികളുമായി അഫിലിയേറ്റ് ചെയ്ത മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം സെപ്റ്റംബർ ഒന്നു മുതൽ പുനരാരംഭിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും തീരുമാനിച്ചു. ഇതോടെ ഇവയുടെ പ്രവർത്തനം പഴയ രൂപത്തിലാകും. അതേസമയം, ഹൈവേകളിലും റിങ് റോഡുകളിലും ഇവർക്ക് വിലക്ക് തുടരും.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഈ വർഷം ഇതുവരെ 64 ലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2015ലാണ് രാജ്യത്ത് ഉച്ചവിശ്രമ നിയന്ത്രണം ആദ്യമായി അവതരിപ്പിച്ചത്.
അതേസമയം, രാജ്യത്ത് വേനൽ കാലം അവസാനഘട്ടത്തിലാണ്. സെപ്റ്റംബറിൽ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങും. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

