വായന കൊണ്ടാരംഭിച്ച ഖുർആൻ
text_fieldsമനുഷ്യചരിത്രത്തിലെ ഏറ്റവും ശക്തമായ വിപ്ലവങ്ങൾ ആയുധത്തിലൂടെ ഉണ്ടായതല്ല; വാക്ക്, അറിവ്, ചിന്ത തുടങ്ങിയവയിലൂടെ ഉണ്ടായതാണ്. അറിവാണ് മനുഷ്യനെ മാറ്റിയതും, സമൂഹങ്ങളെ ഉയർത്തിയതും. ഖുർആൻ സാധിച്ച വിപ്ലവവും ഇതിൽനിന്ന് വ്യത്യസ്തമല്ല.
അറിവിനെ ഏറ്റവും ശക്തമായി അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുർആൻ. അതിലെ ആദ്യം അവതരിച്ച വാക്ക് ‘ഇഖ്റഅ്’ (വായിക്കൂ) എന്നാണ്. അറിവിന്റെ വാതിൽ തുറക്കുന്ന ഒരു സർവ്വമാനവ ആഹ്വാനമാണത്. വായിക്കാൻ കൽപിച്ച ഖുർആൻ എന്ത് വായിക്കണമെന്ന് പരാമർശിച്ചിട്ടില്ല. എന്നാൽ വായിക്കുന്നതിന്റെ രീതിയെകുറിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. കേവലം അക്ഷരങ്ങളെ അറിയലല്ല, ലോകത്തെ, ചരിത്രത്തെ, പ്രകൃതിയെ, മനുഷ്യനെ എല്ലാം വായിക്കുക എന്നതാണത്.
അറിവുള്ളവരും അറിവില്ലാത്തവരും തുല്യരല്ല എന്നാണ് ഖുർആനിന്റെ പക്ഷം. അത് മനുഷ്യന്റെ പദവിയെ ഉയർത്തുന്ന ഘടകമാണ്. വായനയിലൂടെ മനുഷ്യന്റെ ചിന്താമണ്ഡലം വികസിക്കുന്നു. തന്റെ അറിവിന്റെ പരിധിയെയും ലോകത്തിന്റെ വിശാലതയെയും കുറിച്ച് അത് മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. ഉള്ളിൽ വിനയം നിറയാനും അറിയാത്ത കാര്യങ്ങളെ കുറിച്ച് ബോധവാനാകാനും അത് സഹായിക്കുന്നു.
ഖുർആൻ അവതരിച്ച മാസമായ റമദാൻ ആത്മീയ പരിശുദ്ധിയുടെ കാലമെന്നത് പോലെ, ബൗദ്ധിക ഉണർവിന്റെയും കാലമാകേണ്ടതുണ്ട്. ആത്മീയതയും ബൗദ്ധികതയും ചേരുന്നിടത്താണ് സമഗ്രമായ മനുഷ്യവികസനം സാധ്യമാകുന്നത്.
അറിവില്ലായ്മ മനുഷ്യനെ അടച്ചിടുന്ന മതിലാണ്, അതിനെ തകർക്കുന്ന താക്കോലാണ് വായന. ചിന്ത, അന്വേഷണം, പഠനം, ഗവേഷണം, നിരീക്ഷണം തുടങ്ങിയ കാര്യങ്ങളെ ഖുർആൻ ആവർത്തിച്ച് പറയുന്നു. സത്യം അന്വേഷിക്കുന്നവൻ കാര്യങ്ങളെ അന്ധമായി അനുകരിക്കുന്നതിന് പകരം അറിവിന്റെ അടിസ്ഥാനത്തിൽ അവയെ ഉൾക്കൊള്ളണമെന്ന് ഖുർആൻ പഠിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

