ഖുർആനാണ് താരം; മനുഷ്യനും
text_fieldsറമദാൻ മാസത്തിന് പ്രത്യേക സ്ഥാനം കൈവരാൻ എന്തെങ്കിലും കാരണമുണ്ടോ? ഉണ്ട് എന്നാണുത്തരം. റമദാനിലെ നോമ്പും, സൽക്കർമങ്ങൾകുള്ള വലിയ പ്രതിഫലങ്ങളും, മാനുഷിക ഗുണങ്ങൾക്കുള്ള പ്രോത്സാഹനവുമെല്ലാം ഒരേയൊരു കാരണത്താലാണ് - ഖുർആൻ അവതരിച്ച മാസമാണ് റമദാൻ എന്നതാണത്.
റമദാനിലെ താരം യഥാർഥത്തിൽ ഖുർആനാണ്. ഖുർആനിലെ താരം മനുഷ്യനും. മനുഷ്യർക്കുള്ള മാർഗദർശനമാണ് വേദഗ്രന്ഥമായ പരിശുദ്ധ ഖുർആൻ. അതിലെ കേന്ദ്ര കഥാപാത്രം മനുഷ്യനും, കേന്ദ്രവിഷയം മനുഷ്യ ജീവിതത്തിന്റെ ഇഹ-പര വിജയങ്ങൾക്കുള്ള നിർദേശങ്ങളും ആണ്.
പ്രപഞ്ചാത്ഭുതങ്ങൾ, ചരിത്ര കഥകൾ, ഭാവിയെ കുറിച്ച പ്രവചനങ്ങൾ, സൃഷ്ടിപ്പിലെ വൈവിധ്യങ്ങൾ തുടങ്ങി ഖുർആൻ കൈകാര്യം ചെയ്യുന്ന ഏതൊരു വിഷയവും മനുഷ്യവിജയത്തിന്റെ ദിശാ സൂചകങ്ങളാണ്.
‘ഹേ മനുഷ്യരേ’ എന്ന ഖുർആനിക അഭിസംബോധന ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തോടല്ല, മുഴുവൻ മനുഷ്യരോടുമാണ്. ഈ ലോകത്ത് നന്മയോടെ ജീവിക്കാനും, നീതിയോടെ നിലകൊള്ളാനും, ഉത്തരവാദിത്ത ബോധത്തോടെ ജീവിക്കാനും, മനുഷ്യരെ ഒന്നായി പരിഗണിക്കാനുമുള്ള ആഹ്വാനങ്ങളാണ് അവ.
നീതി, സത്യം, കാരുണ്യം, സഹാനുഭൂതി, മനുഷ്യത്വം - ഇവയെല്ലാം ഖുർആൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. മനുഷ്യവിരുദ്ധമായ യാതൊരു ആശയത്തെയും അത് അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. മനുഷ്യനെ ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കുകയാണ് അതിന്റെ പ്രഖ്യാപിത ദൗത്യം.
റമദാനിൽ ഖുർആനെ കൂടുതൽ വായിക്കുന്നത് ഒരു അനുഷ്ഠാനം മാത്രമല്ല; മനുഷ്യനായ് കൂടുതൽ നന്മയിലേക്ക് ഉയരാനുള്ള ആത്മീയ - വിമോചന ഉള്ളടക്കമുള്ള അവസരമാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

