പ്രധാനമന്ത്രി ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ സന്ദർശിച്ചു
text_fieldsകുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആഭ്യന്തര മന്ത്രാലയ ആസ്ഥാനം സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആഭ്യന്തര, പ്രതിരോധ മന്ത്രാലയ ആസ്ഥാനങ്ങൾ സന്ദർശിച്ചു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് താമിർ അലി സബാഹ് അൽ സാലിം അസ്സബാഹ്, അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഇസ്സാം അൽ നഹാം എന്നിവരുടെ നേതൃത്വത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിൽ സ്വീകരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആഭ്യന്തര മന്ത്രാലയ ജീവനക്കാരുടെ മികച്ച സേവനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആരും നിയമത്തിന് അതീതരല്ലെന്നും എല്ലാവരോടും ഒരുപോലെ നീതിപൂർവം പെരുമാറണമെന്നും മാതൃക വ്യക്തിത്വങ്ങളായി മാറാൻ സുരക്ഷ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അലി അസ്സബാഹ്, സായുധസേന തലവൻ ശൈഖ് ഖാലിദ് സാലിഹ് അസ്സബാഹ്, അണ്ടർ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ശൈഖ് ഫഹദ് ജാബിർ അൽ അലി അസ്സബാഹ് എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

