െഎ.എൻ.എല്ലിൽ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല
text_fieldsകുവൈത്ത് സിറ്റി: ഐ.എൻ.എല്ലില്‍ ഉടലെടുത്ത വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് പറയുമ്പോഴും പാർട്ടിക്കകത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. പാർട്ടിയുടെ പ്രവാസി ഘടകമായ െഎ.എം.സി.സിയുടെ നിരവധി പ്രധാന നേതാക്കൾ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിെൻറ പേരില്‍ സാംസ്കാരിക കേന്ദ്രം രൂപവത്കരിക്കാൻ ആലോചിക്കുന്നു. ഭിന്നതയിൽ പ്രഫ. എ.പി. അബ്ദുൽ വഹാബിനോട് ആഭിമുഖ്യം പുലർത്തിയിരുന്നവരാണ് ഔദ്യോഗികവിഭാഗവുമായി ഇടഞ്ഞുനിൽക്കുന്നത്. നാട്ടിലെ പാർട്ടി നേതൃത്വത്തിലും ഭിന്നത രൂക്ഷമാണെന്നും ഏച്ചുകെട്ടിയ െഎക്യം മുന്നോട്ടുപോകാൻ പ്രയാസമാണെന്നുമുള്ള സൂചനകൾ ലഭിക്കുന്നുണ്ട്. എൽ.ഡി.എഫ് നേതൃത്വത്തിെൻറ ശക്തമായ താക്കീതിനെ തുടർന്നാണ് പിളർപ്പ് ഒഴിവാക്കാൻ ഇരുപക്ഷവും സമ്മതിച്ചത്. എന്നാൽ, നഷ്ടപ്പെട്ട പരസ്പര വിശ്വാസം തിരിച്ചുപിടിക്കുക ശ്രമകരമാണ്. െഎ.എൻ.എൽ ഒൗദ്യോഗിക പക്ഷം അംഗീകരിക്കാൻ തയാറല്ലാത്തതിനാലാണ് ജി.സി.സി നേതാക്കൾ സാംസ്കാരിക വേദി രൂപവത്കരിച്ച് വേറിട്ട് പ്രവർത്തിക്കാനൊരുങ്ങുന്നത്.
ജി.സി.സി ചെയർമാൻ സത്താർ കുന്നില്‍, ട്രഷറർ ഷാഹുല്‍ ഹമീദ്, ജനറല്‍ കണ്‍വീനർ ഖാന് പാറയില്‍, സൗദി ഐ.എം.സി.സി പ്രസിഡൻറും ലോക കേരള സഭാംഗവുമായ അബ്ദുല്ലക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി മുഫീദ്, സൗദിയിലെ നിരവധി പ്രവിശ്യാ ഭാരവാഹികൾ, ബഹ്റൈന്‍ പ്രസിഡൻറ് മൊയ്തീന്‍കുട്ടി, ജനറല്‍ സെക്രട്ടറി കാസിം, ഖത്തർ പ്രസിഡൻറ് റഷീദ്, ജനറല്‍ സെക്രട്ടറി അക്സർ മുഹമ്മദ്, ജി.സി.സി ജോയൻറ് കണ്‍വീനർമാരായ റഫീഖ് അഴിയൂർ, എക്സിക്യൂട്ടിവ് മെംബർ സുബൈർ ചെറുമോത്ത്, കുവൈത്ത് പ്രസിഡൻറ് ഹമീദ് മധൂർ, ജനറല്‍ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ എ.ആർ. നഗർ, ഒമാൻ പ്രസിഡൻറ് ഹാരിസ് വടകര, ജനറല്‍ സെക്രട്ടറി ഷരീഫ് കൊളവയല്‍, ട്രഷറർ സാദ് വടകര, യു.എ.ഇ കമ്മിറ്റി മുൻ സെക്രട്ടറി റഷീദ് താനൂർ, യു.എ.ഇ മലപ്പുറം, കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം നടന്ന യു.എ.ഇ ഘടകം തെരഞ്ഞെടുപ്പാണ് പ്രശ്നം രൂക്ഷമാക്കിയത്.
യു.എ.ഇയിൽ കുഞ്ഞാവുട്ടി കാദറിനെ പ്രസിഡൻറായി തെരഞ്ഞെടുത്തത് അബ്ദുൽ വഹാബിനോടൊപ്പം നിന്നവർ അംഗീകരിക്കുന്നില്ല. കാസിം ഇരിക്കൂറിെൻറ ഇഷ്ടക്കാരെ ഭാരവാഹികളാക്കി വഹാബിനെ അനുകൂലിക്കുന്നവരെ ഒഴിവാക്കിയെന്നാണ് ആരോപണം. സംസ്ഥാന കമ്മിറ്റിയിലെ കാസിം വിഭാഗത്തിെൻറ പ്രധാന നേതാവ് എം.എ. ലത്തീഫ് നേരിട്ട് ദുബൈയിൽ ചെന്നാണ് ഇതിന് ചുക്കാൻ പിടിച്ചതെന്ന് ഇവർ പറയുന്നു. ഒരുവർഷം മുമ്പ് ഐ.എം.സി.സി ജി.സി.സി നേതൃത്വത്തെ െഎ.എൻ.എൽ ഒൗദ്യോഗിക പക്ഷം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് ജി.സി.സി കമ്മിറ്റികൾ തള്ളി. ജി.സി.സിയിൽ പ്രധാന നേതാക്കൾ അബ്ദുൽ വഹാബിനോടൊപ്പമാണ്. ബഹ്റൈൻ, ഒമാൻ, കുവൈത്ത്, സൗദി ഘടകങ്ങൾ ഏതാണ്ട് പൂർണമായി വഹാബിനെ അനുകൂലിക്കുന്നു.
യു.എ.ഇ പ്രസിഡൻറ് കുഞ്ഞാവുട്ടി ഖാദറിെൻറ നേതൃത്വത്തിൽ നല്ലൊരു വിഭാഗം കാസിം ഇരിക്കൂറിനൊപ്പമുണ്ട്. ഖത്തർ കമ്മിറ്റിയിൽ രണ്ടു ഭാഗത്തെയും അനുകൂലിക്കുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
