വർക് പെർമിറ്റ് മാറ്റത്തിനുള്ള കാലപരിധി ഒരു വർഷമാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികളുടെ വർക് പെർമിറ്റ് മാറ്റത്തിനുള്ള കാലപരിധി ഒരു വർഷമാക്കി കുറച്ചു. നേരത്തേ ഒരു സ്പോൺസർക്കു കീഴിൽ മൂന്നുവർഷം പൂർത്തിയാക്കിയവർക്ക് മാത്രമായിരുന്നു തൊഴിലിടമാറ്റം അനുവദിച്ചിരുന്നത്. മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസ ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ജോലിയിൽ പ്രവേശിച്ച് ഒരുവർഷം പൂർത്തിയാക്കിയ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് വിസമാറ്റം അനുവദിക്കുന്നതാണ് ഉത്തരവ്. നിലവിലെ സ്പോൺസറുടെ അനുമതിയുണ്ടെങ്കിൽ മാത്രമാണ് വിസമാറ്റം അനുവദിക്കുക. വർക് പെർമിറ്റ് മാറുന്നതിന് മാൻപവർ അതോറിറ്റി നിഷ്കർഷിക്കുന്ന മറ്റു നിബന്ധനകൾ അതേപടി തുടരും.
കോവിഡ് മഹാമാരിയുടെ കാലത്ത് തൊഴിൽ വിപണിയുടെ ആവശ്യം കണ്ടറിഞ്ഞാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഇതേ നിയമം തുടരുമെന്നും മാൻപവർ അതോറിറ്റി ഡയറക്ടർ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് വർക് പെർമിറ്റ് അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.
പുതിയ വർക് പെർമിറ്റിനായി മാൻപവർ അതോറിറ്റിയുടെ ഇലക്ട്രോണിക് ഫോറം വഴി അപേക്ഷിക്കുന്നതിന് അടിസ്ഥാന നിബന്ധനയായി വെച്ചിരിക്കുന്നത് മന്ത്രിസഭയുടെ അനുമതിയാണ്. മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ മാത്രമേ വർക് പെർമിറ്റ് അനുവദിക്കൂ.
മന്ത്രിസഭയുടെ അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രിസഭയുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപിപ്പിച്ച് പിന്നീട് പ്രഖ്യാപിക്കും. വിസക്കച്ചവടം തടയാനും വിദേശി സാന്നിധ്യം കുറച്ച് ജനസംഖ്യ സന്തുലനം സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ കർശന വ്യവസ്ഥ വെച്ചത്. ശക്തമായ നിരീക്ഷണത്തിലൂടെയും മേൽനോട്ടത്തിലൂടെയും രാജ്യത്തെ തൊഴിൽ വിപണിക്ക് അത്യാവശ്യമായവരും നിശ്ചിത യോഗ്യതയുള്ളവരും മാത്രം രാജ്യത്ത് തൊഴിൽ വിസയിൽ എത്തുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

