വിദേശികളുടെ 'മെഡിക്കൽ' സ്വന്തം നാട്ടിലാക്കാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കൽ പരിശോധനക്ക് പുതിയ രീതി നടപ്പാക്കാൻ ആലോചന. മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് കുറക്കുന്നതിന്റെയും തൊഴിൽ പെർമിറ്റ് നടപടിക്രമം വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് അധികൃതർ പുതിയ വഴികൾ തേടുന്നത്.
തൊഴിലാളികളുടെ സ്വന്തം നാട്ടിൽ അംഗീകൃത മെഡിക്കൽ സെന്ററുകളിൽ നടത്തുന്ന പരിശോധന കൂടുതൽ കർശനമാക്കി കുവൈത്തിലെത്തിയാലുള്ള പരിശോധന ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് അധികൃതരുടെ പരിഗണനയിലുള്ളത്. നിലവിൽ കുവൈത്തിലേക്ക് തൊഴിൽ വിസയിൽ വരുന്നവർ സ്വന്തം നാട്ടിൽ അംഗീകൃത കേന്ദ്രങ്ങളിൽ നടത്തുന്ന പരിശോധനക്ക് പുറമെ കുവൈത്തിലെത്തിയാലും മെഡിക്കൽ പരിശോധന നടത്തി ഫിറ്റ്നസ് തെളിയിക്കേണ്ടതുണ്ട്.
ഇതിനായുള്ള ശുവൈഖിലെ കേന്ദ്രത്തിൽ അടുത്തിടെയായി അനുഭവപ്പെടുന്ന തിരക്ക് ഏറെ ചർച്ചയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം മിശ്രിഫ് ഫെയർ ഹാളിൽ പരിശോധന കേന്ദ്രത്തിന്റെ എക്സ്റ്റൻഷൻ ആരംഭിച്ചിരുന്നു. എന്നിട്ടും തിരക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് അധികൃതർ പുതിയ വഴികൾ ആലോചിക്കുന്നത്. സ്ഥിരം പരിഹാരം എന്ന നിലയിൽ നാട്ടിലെ അംഗീകൃത കേന്ദ്രങ്ങളിലെ പരിശോധന കൂടുതൽ കർശനമാക്കി കുവൈത്തിലെത്തിയാലുള്ള പരിശോധന ഒഴിവാക്കുന്നതാണ് പരിഗണനയിലുള്ള നിർദേശങ്ങളിൽ ഒന്ന്.