കുഞ്ഞൻ മത്സ്യത്തിന് കരയും വെള്ളവും ഒരു പോലെ; കുവൈത്തിലെ അത്ഭുത മീനിനെ അറിയാം
text_fieldsകുവൈത്ത് സിറ്റി: ലോകത്തിലെ വിചിത്രമായ മത്സ്യങ്ങളിൽ പെട്ട ഒരിനം മീനുണ്ട് കുവൈത്തിൽ. 'മഡ്‌സ്‌കിപ്പർ' എന്നറിയപ്പെടുന്ന കുഞ്ഞൻ മത്സ്യം. വെള്ളത്തിലേതു പോലെ കരയിലും ഏറെ നേരം ജീവിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. കുവൈത്തിന്റെ കടൽ പ്രദേശങ്ങളിൽ നിന്ന് മാറിയുള്ള കണ്ടൽ കാടുകളിലും, ചെളി നിറഞ്ഞ പ്രദേശങ്ങളിലും ഇവയെ കാണാം.
കൈകൾ പോലെയുള്ള നേർത്ത ചിറകുകൾ ഉപയോഗിച്ച് ചെളിയിൽ നടക്കാനും ചാടാനും മഡ്‌സ്‌കിപ്പറുകൾക്ക് കഴിയും. കരയിലെത്തിയാൽ ചെറുപ്രാണികളെ ഭക്ഷണമാക്കും. തലയിൽ ഉയർന്നു നിൽക്കുന്ന കണ്ണുകൾക്കാവട്ടെ, 360 ഡിഗ്രി വരെ ചുറ്റുപാടുകൾ നിരീക്ഷിക്കാനുള്ള കഴിവുണ്ട്. ചെളിയിൽ ഏകദേശം 30 സെ.മീ. മുതൽ ഒരു മീറ്റർ വരെയുള്ള കുഴിയുണ്ടാക്കിയാണ് ഈ മത്സ്യങ്ങൾ ജീവിക്കുന്നത്. മുട്ടയിടുന്നതും ഈ കുഴിയിൽ തന്നെ.
ചർമ്മത്തിലൂടെയും വായയുടെയും തൊണ്ടയുടെയും ഈർപ്പമുള്ള ഭാഗങ്ങളിലൂടെയും ഇവ ഓക്സിജനെ ആഗിരണം ചെയ്യുന്നു. ചിറകുകൾക്കുള്ളിൽ വെള്ളം സൂക്ഷിച്ച് അതിലൂടെ ചെകിളകൾക്കുള്ളിലെ ശ്വസനാവയവം ഈർപ്പമുള്ളതാക്കി നിലനിർത്തും. ഇങ്ങനെയാണ് ഇവ കരയിൽ ഏറെ നേരം ജീവൻ നിലനിർത്തുന്നത്. സാധാരണ 3–7 വർഷം വരെ മഡ്‌സ്‌കിപ്പറുകൾ ജീവിക്കും. ഡോൾഫിനുകളെപ്പോലെ സ്വന്തം പ്രദേശം സംരക്ഷിക്കുന്ന സ്വഭാവവും മഡ്‌സ്‌കിപ്പറുകൾക്കുണ്ട്. മനുഷ്യ സാമീപ്യം തിരിച്ചറിഞ്ഞാലുടൻ കുഴികളിൽ ഒളിക്കാറാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

