ഇഫ്താർ പരിപാടികൾക്ക് ആരോഗ്യ മന്ത്രാലയം അനുമതി നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇഫ്താർ പരിപാടികൾക്കും റമദാൻ ക്യാമ്പുകൾക്കും ആരോഗ്യ മന്ത്രാലയം അനുമതി നൽകി. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഇഫ്താർ സംഗമങ്ങൾക്ക് അധികൃതർ അനുമതി നൽകുന്നത്.
കഴിഞ്ഞ രണ്ടു റമദാൻ സീസണുകളിലും കോവിഡ് നിയന്ത്രണങ്ങൾമൂലം സമൂഹ നോമ്പുതുറകൾക്ക് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോൾ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഇഫ്താർ സംഗമങ്ങൾ ആകാമെന്ന നിലപാടിലേക്ക് ആരോഗ്യ മന്ത്രാലയം എത്തിയത്.
സമൂഹ ഇഫ്താർ ഉൾപ്പെടെയുള്ള റമദാൻ കാലപ്രവർത്തനങ്ങൾ തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന തരത്തിൽ രാജ്യത്തെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. ബുതൈന അൽ മുദഫ് വ്യക്തമാക്കി. ഇതോടെ പള്ളികളോടനുബന്ധിച്ചും അല്ലാതെയുമുള്ള ഇഫ്താർ തമ്പുകളും മറ്റും ഇത്തവണ സജീവമാകും. രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ആരാധനകള്‍ക്കു പള്ളികളിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഔഖാഫ് മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു.
പള്ളികളിലെ തറാവീഹ്, ഖിയാമുല്ലൈൽ നമസ്‍കാരങ്ങൾ, പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍ എന്നിവക്കായി ഔഖാഫ് മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

