വികസന പദ്ധതികൾ വിലയിരുത്തി മന്ത്രിതല സമിതി
text_fieldsപൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി മന്ത്രിതല സമിതിയുടെ 46ാമത് യോഗം. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അധ്യക്ഷതവഹിച്ച യോഗത്തിൽ കുവൈത്തും വിവിധ രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണപത്രങ്ങളിൽ ഉൾപ്പെട്ട പ്രധാന പദ്ധതികളെക്കുറിച്ചുള്ള പുരോഗതി അവലോകനം ചെയ്തു.
നോർത്ത് കബ്ദ് മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതിയുടെ എക്സിക്യൂട്ടിവ് കരാർ ഈ മാസം ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ഒപ്പിടുമെന്ന് ഡോ. നൂറ അൽ മഷാൻ പറഞ്ഞു.
മുബാറക് അൽ കബീർ തുറമുഖം, വൈദ്യുതി സംവിധാനങ്ങൾ, പുനരുപയോഗ ഊർജ വികസനം, കുറഞ്ഞ കാർബൺ മാലിന്യ പുനരുപയോഗ സംരംഭങ്ങൾ എന്നിവയിലെ സഹകരണം എന്നിവ യോഗം വിലയിരുത്തി. ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കായുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര, സാമ്പത്തിക മേഖലകൾ, ആവാസവ്യവസ്ഥ പുനരധിവാസം, വനവത്കരണ പരിപാടികളുടെ വിപുലീകരണം, പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾ, മരുഭൂവത്കരണം ചെറുക്കൽ ലക്ഷ്യമിട്ടുള്ള നടപടികൾ എന്നിവയും ചർച്ചകളിൽ ഉൾപ്പെട്ടു. പ്രധാന പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സ്ഥാപനങ്ങൾക്കിടയിൽ തുടർച്ചയായ ഏകോപനത്തിന് ഊന്നൽ നൽകുന്നതായി ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജോഹർ ഹയാത്ത് പറഞ്ഞു.
മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുലതിഫ് അൽ മിഷാരി, ധനമന്ത്രി ഡോ. യാക്കൂബ് അൽ റെഫായ്, കെ.ഡി.ഐ.പി.എ ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് മേധാവി കൗൺസിലർ സലാഹ് അൽ മജീദ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ സമേൽ, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

