മാധ്യമരംഗം അതിവേഗ മാറ്റത്തിന്റെ ഘട്ടത്തിൽ -ജോണി ലൂക്കോസ്
text_fieldsകുവൈത്ത് സിറ്റി: മാധ്യമരംഗം അതിവേഗ മാറ്റത്തിന്റെ ഘട്ടത്തിലാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ ന്യൂസ് ചാനല്‍ ന്യൂസ് ഡയറക്ടറുമായ ജോണി ലൂക്കോസ്. മൂന്നും നാലും തലമുറകൾക്കിടയിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ കുറഞ്ഞ വർഷത്തിനുള്ളിൽ മാധ്യമ രംഗത്ത് സംഭവിച്ചു. ഇതിനിടയിൽ വസ്തുതകളെക്കാൾ വൈകാരികതക്ക് സ്വാധീനം കൂടി.
വേണ്ടതും വേണ്ടാത്തതും ജനങ്ങളിൽ എത്തിക്കേണ്ട അവസ്ഥയിലേക്ക് പല മാധ്യമങ്ങളും മാറി. തങ്ങൾക്ക് വേണ്ടതുമാത്രം തിരയുന്നവരായി വായനക്കാരും കാണികളും മാറിയതായും അദ്ദേഹം സൂചിപ്പിച്ചു. കേരള പ്രസ്സ് ക്ലബ് കുവൈത്ത് മാധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകൾ സ്വീകരിക്കുന്നത് ഓരോ പ്രേക്ഷകരുടെയും തിരഞ്ഞെടുപ്പാണ്. ഇതിൽ തിരഞ്ഞെടുത്ത വഴികളെക്കുറിച്ച് പിന്നീട് കുറ്റം ചുമത്തുന്നതില്‍ യുക്തിയില്ലെന്ന് മാതൃഭൂമി ന്യൂസ് സീനിയർ വാർത്താ അവതാരക മാതു സജി അഭിപ്രായപ്പെട്ടു.
സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടിയിൽ കേരള പ്രസ്സ് ക്ലബ് കുവൈത്ത് പ്രസിഡന്റ് സുജിത് സുരേശൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സലീം കോട്ടയിൽ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സത്താർ കുന്നിൽ നന്ദിയും പറഞ്ഞു. ട്രഷറർ കെ. ശ്രീജിത്ത് സന്നിഹിതനായിരുന്നു. ഗായകൻ ഷെബി സമന്ദറും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നം പരിപാടിയുടെ ആകർഷണമായി. കമ്യൂണിറ്റി സ്കൂൾ വിദ്യാർഥി സ്ലാനിയ പെയ്റ്റന്റെ സോളോ വയലിൻ പ്രകടനവും, ടീം അഗ്നിയുടെ നൃത്തവും മിഴിവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

