ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും -കെ.കെ. ശൈലജ
text_fieldsകുവൈറ്റ് സിറ്റി: കേരളത്തിൽ ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് കെ.കെ. ശൈലജ. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് സംഘടിപ്പിച്ച വിളംബരസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സമാനതകൾ ഇല്ലാത്ത വികസന കുതിപ്പാണ് കഴിഞ്ഞ ഒമ്പതുവർഷം കേരളം കണ്ടത്.
അടിസ്ഥാന സൗകര്യങ്ങളിലും ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും അഭൂതപൂർവമായ മാറ്റമാണ് കേരളത്തിലുണ്ടായത്. അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ലക്ഷക്കണക്കിന് ഭവനരഹിതർക്ക് ലൈഫ് മിഷൻ വഴി വീടുകൾ നൽകുന്നതിന് സർക്കാറിന് സാധിച്ചു. ജനങ്ങൾ ഇടതുപക്ഷത്തെ തന്നെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ആർ. നാഗനാഥൻ ആശംസ നേർന്നു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് മാത്യു, കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, വൈസ് പ്രസിഡന്റ് പ്രവീൺ പി.വി, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി.പി, ജെ. സജി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതവും ട്രഷറർ പി.ബി. സുരേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

