കേരളത്തിൽ ഇടതു സർക്കാറിന് ഭരണ തുടർച്ചയുണ്ടാകും -എം.വി. നികേഷ് കുമാർ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ ഇടതുപക്ഷ സർക്കാറിന് ഭരണ തുടർച്ചയുണ്ടാകുമെന്ന് മാധ്യമ പ്രവർത്തകൻ എം.വി. നികേഷ് കുമാർ. സർവ മേഖലകളിലും മികച്ച പുരോഗതി കൈവരിച്ചുകൊണ്ട് കേരളം ഇന്ത്യക്ക് ബദലാകുകയാണ്. ഇടതുപക്ഷ സർക്കാർ ഭരിക്കുന്നു എന്ന കാരണത്താൽ കേന്ദ്ര സർക്കാറും വലതുപക്ഷ കക്ഷികളും ഒന്നിച്ച് കേരളത്തെ എതിർക്കുകയും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതായും നികേഷ് കുമാർ അഭിപ്രായപ്പെട്ടു.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് സംഘടിപ്പിച്ച ഇ.കെ. നായനാർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ വിലക്കെടുത്ത് സർക്കാറിനെതിരെ അസത്യ വാർത്തകൾ സൃഷ്ടിക്കുമ്പോൾ സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന സമ്മേളനത്തിൽ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി പി.പി. സജീവൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
കല കുവൈത്തിന്റെ പ്രസിദ്ധീകരണമായ കൈത്തിരിയുടെ പ്രകാശനം എം.വി. നികേഷ്കുമാറിന് നൽകി സാഹിത്യ വിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം നിർവഹിച്ചു. ആർ.നാഗനാഥൻ ആശംസ അറിയിച്ചു. റാസയും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

