വലിയ സന്തോഷത്തിന്റെ ബലിപെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ സ്മരണ പുതുക്കി രാജ്യത്തെ ഇസ്ലാംമത വിശ്വാസികൾ വെള്ളിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. രാവിലെ 5.03നാണ് പെരുന്നാൾ നമസ്കാരം.പള്ളികൾക്കു പുറമെ വിവിധ ഗവർണറേറ്റുകളിലായി 57 ഈദ്ഗാഹുകൾ ആണ് ഇത്തവണയുള്ളത്. സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾ ബലിപെരുന്നാൾ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാഴാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്. പെരുന്നാളിന് സംഘടിത ബലികർമത്തിന് ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
ചില മലയാളി സംഘടനകൾ പണം സ്വരൂപിച്ച് കേരളത്തിലും ഉത്തരേന്ത്യയിലും ബലികർമം നടത്താൻ അയച്ചുകൊടുത്തിട്ടുണ്ട്.വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്ത് പെരുന്നാൾ അവധിയാണ്. അതിനാൽ ഈ ആഴ്ച ആഘോഷങ്ങളുടെതാകും. അതേസമയം രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് ആഘോഷങ്ങളുടെ മാറ്റ് കുറക്കും. സ്കൂൾ അവധിക്കാലം ആയതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിൽ ഒരുവിഭാഗം കുടുംബങ്ങൾ നാട്ടിലാണ്. ഇവർ ശനിയാഴ്ച നാട്ടിൽ പെരുന്നാൾ ആഘോഷിക്കും. ചുരുക്കം മലയാളി കൂട്ടായ്മകൾ പെരുന്നാളിന് കലാ സാംസ്കാരിക പരിപാടികളും പിക്നികും ആസൂത്രണം ചെയ്തിട്ടുണ്ട്.
ജുമുഅ ഒഴിവാക്കരുത്
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പുലർച്ചെ ബലി പെരുന്നാൾ നമസ്കാരം നിർവഹിക്കുന്നതിനാൽ ഉച്ചക്കുള്ള ജുമുഅ നമസ്കാരം ഒഴിവാക്കരുതെന്ന് ഓർമപ്പെടുത്തി ഇസ്ലാമിക കാര്യ മന്ത്രാലയം. ഫത്വ, ശരീഅത്ത് ഗവേഷണ മേഖലയിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയാണ് വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയതെന്ന് അൽസിയ്യസ്സ പത്രം റിപ്പോർട്ട് ചെയ്തു.ഈദ് നമസ്കാരം നിർവഹിക്കുന്നത് വെള്ളിയാഴ്ചത്തെ ജുമുഅ പ്രാർഥനയിൽ പങ്കെടുക്കേണ്ട ബാധ്യതയിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുന്നില്ലെന്നാണ് ഭൂരിഭാഗം ഇസ്ലാമിക പണ്ഡിതരുടെയും അഭിപ്രായമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

