ഉള്ളും പുറവും ഒന്നാവണം
text_fieldsസ്വഭാവവും (character) പെരുമാറ്റവും (behavior) തമ്മിൽ അടുത്ത ബന്ധമുണ്ടെങ്കിലും അവ രണ്ടും ഒരുപോലെയല്ല. ഉള്ളിലുള്ള മൂല്യങ്ങളും വിശ്വാസങ്ങളും നന്മയും ചേർന്ന ആന്തരിക വ്യക്തിത്വമാണ് സ്വഭാവം. അത് സ്ഥിരതയുള്ളതും ആഴമുള്ളതുമാണ്. എന്നാൽ പെരുമാറ്റം പുറത്തേക്ക് കാണുന്ന പ്രവർത്തനങ്ങളാണ് -നാം സംസാരിക്കുന്നതും പ്രതികരിക്കുന്നതും ഇടപെടുന്നതും എല്ലാം അതിലടങ്ങുന്നു. സ്വഭാവം വേരും പെരുമാറ്റം അതിന്റെ ഫലവുമായിരിക്കണം. ഒന്ന് ആന്തരിക മൂല്യം, മറ്റൊന്ന് അതിന്റെ ബാഹ്യ പ്രതിഫലനം. മനസ്സിന്റെയും ഹൃദയത്തിന്റെയും ആഴങ്ങളിൽ നന്മ ഉണ്ടെങ്കിൽ തീർച്ചയായും അത് പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നതാണ്. ഇവ രണ്ടും ഒരുപോലെ നന്നാകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്. പെരുമാറ്റം നന്നായി തോന്നുകയും സ്വഭാവം മോശമാവുകയും ചെയ്യുന്നത് കാപട്യത്തിന്റെ ലക്ഷണമാണല്ലോ. അസൂയ, അഹങ്കാരം, വിദ്വേഷം തുടങ്ങിയ ദുർഗുണങ്ങൾ ഉള്ളിൽ നിറച്ചുകൊണ്ട് പുറമേ നന്മയും സ്നേഹവും നടിക്കുന്നത് വ്യക്തിത്ത്വമില്ലായ്മയും.
മുഹമ്മദ് നബിയുടെ സ്വഭാവത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പത്നി ആയിശ ഇപ്രകാരം പറഞ്ഞു- ‘അവിടുത്തെ സ്വഭാവം ഖുർആൻ ആകുന്നു’ വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്ന വിശ്വാസ തത്വങ്ങളും മൂല്യങ്ങളും ചേർന്നതാണ് അവിടുത്തെ സ്വഭാവവും പെരുമാറ്റ രീതികളും. പ്രവാചകന്റെ സച്ചരിതരായ അനുയായികളുടെതും തഥൈവ.
ഖുർആനിന്റെ തത്വങ്ങളിലും മൂല്യങ്ങളിലും ഊന്നി സ്വഭാവം രൂപപ്പെടുത്താനും പെരുമാറ്റ രീതികളെ തദനുസാരം മാറ്റിപ്പണിയാനും ഏറ്റവും അനിയോജ്യമായ സമയമാണ് നോമ്പുകാലം. ഉള്ളും പുറവും ഒരുപോലെ ശുദ്ധീകരിക്കാനും ഒന്നായിത്തീരാനും പറ്റിയ അസുലഭ അവസരമാണത്. നിഷേധാത്മകവും അശുഭകരവുമായ ദുർഗുണങ്ങളെ ഒഴിവാക്കാനും, അവ നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുന്നതിൽനിന്ന് രക്ഷ നേടാനും ശ്രദ്ധാപൂർവമായ നിരന്തര ശ്രമം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

