ഭക്ഷ്യസുരക്ഷക്ക് പ്രാധാന്യം
text_fieldsഡോ. റീം അൽ ഫുലൈജ്
കുവൈത്ത് സിറ്റി: മേഖലാ തലത്തിലും അന്തർദേശീയ തലത്തിലും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കുവൈത്ത് പരമപ്രധാന പ്രാധാന്യം നൽകുന്നുണ്ടെന്ന് വികസന, സുസ്ഥിരതാ കാര്യ സഹമന്ത്രി ഡോ. റീം അൽ ഫുലൈജ്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്.എ.ഒ) 38-ാമത് മേഖലാ സമ്മേളനത്തിന്റെ മന്ത്രിതല വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോള സമൂഹം നേരിടുന്ന വെല്ലുവിളികളുടെ വെളിച്ചത്തിൽ, ഭക്ഷ്യ വിതരണ ശൃംഖലകളെയും ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളെയും സംബന്ധിച്ച് ശ്രദ്ധ അനിവാര്യമാണെന്ന് ഡോ.അൽ ഫുലൈജ് അഭിപ്രായപ്പെട്ടു. മേഖലയിലെ നിലവിലുള്ള തടസ്സങ്ങളും സംഭവവികാസങ്ങളും പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഏകോപനവും ശക്തമാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും ചൂണ്ടികാട്ടി. നിവലവിലെ സാഹചര്യങ്ങൾ ഭക്ഷ്യ വിതരണ ശൃംഖലകളുടെ സ്ഥിരതയെ നേരിട്ട് ബാധിച്ചിട്ടുണ്ടെന്ന് ഡോ. റീം അൽ ഫുലൈജ് വിശദീകരിച്ചു. വ്യാപാര നീക്കത്തിലും ഊർജ്ജ വിതരണത്തിലുമുള്ള തടസ്സങ്ങളും സൂചിപിച്ചു.
ഈ തടസ്സങ്ങൾ ആഗോള ഭക്ഷ്യവസ്തുക്കളുടെ വിലകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഡോ. അൽ ഫുലൈജ് മുന്നറിയിപ്പ് നൽകി. ലോകത്തിലെ ദുർബലരായ രാജ്യങ്ങളെയാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും ഗുരുതരമായി ബാധിക്കുകയെന്ന് മുന്നറിയിപ്പ് നൽകി. അസാധാരണ സാഹചര്യങ്ങളെ മറികടക്കാൻ, പ്രായോഗികവും തന്ത്രപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ഡോ. അൽ ഫുലൈജ് ആവശ്യപ്പെട്ടു. ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നതിന്റെയും, തന്ത്രപരമായ ഭക്ഷ്യ ശേഖരം ശക്തിപ്പെടുത്തുന്നതിന്റെയും, പ്രാദേശിക ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന്റെയും പ്രാധാന്യവും സൂചിപ്പിച്ചു.
സാങ്കേതിക പഠനങ്ങൾ, റിപ്പോർട്ടുകൾ, ദേശീയ ശേഷി വികസന സംരംഭങ്ങൾ എന്നിവയിലൂടെ അംഗരാജ്യങ്ങളെ പിന്തുണക്കുന്നതിൽ എഫ്.എ.ഒയുടെ നിർണായക പങ്ക് മന്ത്രി എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

