നോമ്പിലൂടെ സംസ്കരിക്കപ്പെടേണ്ടത് മനുഷ്യന്റെ ആത്മാവ്- താജുദ്ദീൻ മദീനി
text_fieldsകെ.ഐ.ജി റിഗ്ഗായ് ഏരിയ ‘മർഹബൻ യാ റമദാൻ’ സംഗമത്തിൽ താജുദ്ദീൻ മദീനി സംസാരിക്കുന്നു
കെ.ഐ.ജി റിഗ്ഗായ് ഏരിയ ‘മർഹബൻ യാ റമദാൻ’ സദസ്സ്
കുവൈത്ത് സിറ്റി: റമദാനു സ്വാഗതമോതി കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) റിഗ്ഗായ് ഏരിയ ‘മർഹബൻ യാ റമദാൻ’ സംഗമം സംഘടിപ്പിച്ചു. സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി കേന്ദ്ര സമിതിയംഗം താജുദ്ദീൻ മദീനി മുഖ്യപ്രഭാഷണം നടത്തി.
പ്രവാചകൻ മുഹമ്മദ് നബി റമദാനിന്റെ മുന്നൊരുക്കങ്ങൾ മൂന്നു മാസം മുമ്പ്തന്നെ തുടങ്ങാറുണ്ട്. അതിനായി മനസ്സിനെ ഒരുക്കാൻ നിരന്തര പ്രാർഥനയും ശാരീരികമായ തയാറെടുപ്പിന് റമദാനു തൊട്ടുമുമ്പുള്ള മാസമായി ശഅ്ബാനിൽതന്നെ നോമ്പു നോറ്റു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വൈജ്ഞാനിക തയാറെടുപ്പിനും മുഹമ്മദ് നബി അങ്ങേയറ്റം പ്രാധാന്യം നൽകി. വിജ്ഞാനം കരസ്ഥമാക്കൽ ഓരോ വിശ്വാസിയുടെയും നിർബന്ധ ബാധ്യതയാണെന്നും നോമ്പ് യഥാവിധി അനുഷ്ഠിക്കാൻ നോമ്പിനെ കുറിച്ചുള്ള അറിവ് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോമ്പിലൂടെ സംസ്കരിക്കപ്പെടേണ്ടത് മനുഷ്യന്റെ ആത്മാവാണെന്നും അത് സാധ്യമായില്ലെങ്കിൽ നോമ്പ് വൃഥാവിലാവുമെന്നും നബിവചനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമപ്പെടുത്തി.
ഏരിയ പ്രസിഡന്റ് എൻ.പി.ജ അബ്ദു റസാഖ് അധ്യക്ഷതവഹിച്ചു. സഈമ് സലാഹ് ഖിറാത്ത് നടത്തി. അജ്മൽ കറുത്തേടത്ത് സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

