കോടിക്കും മുകളിൽ സുനിൽ ഡൊമിനിക്കിന്റെ സത്യസന്ധത
text_fieldsസത്യസന്ധതക്ക് മാതൃകയായ സുനിൽ ഡൊമിനിക് ഡിസൂസയെ എൻ.ബി.ടി.സി മാനേജ്മെൻറ് ആദരിക്കുന്നു
കുവൈത്ത് സിറ്റി: ഒന്നരക്കോടി രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടും അതിനേക്കാൾ മൂല്യമുള്ളതാണ് സത്യസന്ധത എന്നുറപ്പിച്ച് എൻ.ബി.ടി.സി ജീവനക്കാരനായ സുനിൽ ഡൊമിനിക് ഡിസൂസ. കമ്പനിയിൽനിന്ന് വിരമിച്ചു നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടയിൽ എൻ.ബി.ടി.സി അദ്ദേഹത്തിനുള്ള സേവന ആനുകൂല്യം ബാങ്കിലേക്ക് അയച്ചു. എന്നാൽ, ഈ തുകയുടെ 30 മടങ്ങ് തുകയായ 62859 കുവൈറ്റ് ദീനാർ അബദ്ധവശാൽ ക്രെഡിറ്റ് ആവുകയായിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയ സുനിൽ ഉടൻ കമ്പനി അധികൃതരെ അറിയിക്കുകയും ബാങ്കിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത് ബാങ്കിന്റെ ഭാഗത്തുനിന്നുവന്ന സാങ്കേതിക പിഴവായിരുന്നെന്ന് പിന്നീട് സ്ഥിരീകരിച്ചു. പത്ത് വർഷമായി എൻ.ബി.ടി.സിയിൽ എ.സി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സുനിൽ ബംഗളൂരു സ്വദേശിയാണ്. എൻ.ബി.ടി.സി മാനേജ്‍മെൻറ് അദ്ദേഹത്തിന് ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചു.
എൻ.ബി.ടി.സി കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അൽ-ബദ്ദ മെമന്‍റോയും മൊബൈൽ ഫോണും സമ്മാനിച്ചു. കോർപറേറ്റ് ഡയറക്ടർ കെ.എസ്. വിജയചന്ദ്രൻ 250 ദീനാറും ഹൈവേ സെൻററിനുവേണ്ടി എൻ.ബി.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ബെൻസൺ എബ്രഹാം 150 ദീനാറും സമ്മാനമായി നൽകി. ജനറൽ മാനേജർ ബെൻപോൾ പ്രശസ്തി പത്രം കൈമാറി.
ജനറൽ മാനേജർ കെ.ജി. ഗീവർഗീസ്, ഗ്രൂപ് സി.എഫ്.ഒ അനിന്ദ ബാനർജി, ഡെപ്യൂട്ടി ജനറൽ മാനേജർ പ്രവീൺ സുകുമാർ, എച്ച്.ആർ മാനേജർ കെ.സി. റിജാസ്, അസി. അഡ്മിനിസ്ട്രേഷൻ മാനേജർ റിനീഷ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. ബാങ്ക് അധികൃതർ അദ്ദേഹത്തെ ഹെഡ് ഓഫിസിലേക്ക് ക്ഷണിച്ച് ആദരിച്ചു. ബാങ്ക് മാനേജ്മെൻറ് 1000 ദീനാറും പ്രശസ്തി പത്രവും സമ്മാനമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

