പ്രഥമ യു.എ.ഇ വേൾഡ് ഫാൽക്കൺ റേസിങ് കപ്പ് കുവൈത്തിൽ; 40,000 ദീനാർ സമ്മാനത്തുക
text_fieldsമന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി കാമൽ റേസിങ് ക്ലബ് സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: പ്രഥമ യു.എ.ഇ വേൾഡ് ഫാൽക്കൺ റേസിങ് കപ്പ് കുവൈത്തിൽ നടക്കും. യു.എ.ഇയുടെയും ഇന്റർനാഷനൽ ഫാൽക്കൺസ് ഫെഡറേഷനുകളുടെയും മേൽനോട്ടത്തിൽ ഡിസംബറിൽ കുവൈത്ത് കാമൽ റേസിങ് ക്ലബ്ബിലാണ് മത്സരം. ഏകദേശം 500,000 ദിർഹം (40,000 ദീനാർ) സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന മത്സരത്തിൽ ഒരു വയസ്സിന് താഴെയുള്ള ഫാൽക്കണുകൾക്കായി ഏഴ് മത്സരങ്ങൾ (ഫർഖ് വിഭാഗം) ഉൾപ്പെടുന്നു. ഫാമുകളിൽ വളർത്തുന്ന ‘ഹർ’, ‘ഷഹീൻ’ ഇനങ്ങൾക്കുള്ള പ്രത്യേക മത്സരങ്ങളും ഉൾപ്പെടുന്നു.
അറബ് സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഫാൽക്കൺ റേസിങ്ങിന്റെ പാരമ്പര്യം സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയുമാണ് ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം. ഫാൽക്കൺ റേസിങ് കപ്പ് വിജയം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി ഇൻഫർമേഷൻ-സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു.
കാമൽ റേസിങ് ക്ലബ്ബിലെ പരിപാടി നടക്കുന്ന സ്ഥലം സന്ദർശിച്ച മന്ത്രി പൈതൃക പരിപാടിക്കുള്ള പൂർണ സർക്കാർ പിന്തുണയും എടുത്തുപറഞ്ഞു. മത്സരം ഏറ്റവും മികച്ച രൂപത്തിൽ സംഘടിപ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ ശ്രമങ്ങൾ മുതൈരി ചൂണ്ടിക്കാട്ടി. കുവൈത്ത് ഫാൽക്കണർമാർക്ക് സമർപ്പിച്ചിരിക്കുന്ന മത്സരം സംഘടിപ്പിക്കുന്നതിന് യു.എ.ഇ ഫാൽക്കൺസ് ഫെഡറേഷന്റെ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

