ഒരു മാസത്തിനകം മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകും
text_fieldsഡോ. ബുതൈന അൽ മുദഫ്
കുവൈത്ത് സിറ്റി: ഒരു മാസത്തിനകം രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും ആദ്യ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം.
ആഗസ്റ്റ് 31നകം എല്ലാവർക്കും ആദ്യ ഡോസ് ലഭ്യമാക്കുമെന്നാണ് ഉറപ്പ്. അടുത്ത മൂന്നു മാസത്തിനകം രണ്ടാം ഡോസും നൽകും. നവംബർ അവസാനത്തോടെ രജിസ്റ്റർ ചെയ്ത മുഴുവനാളുകൾക്കും രണ്ട് ഡോസ് വാക്സിൻ നൽകി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് ലക്ഷ്യം.
അതിനിടെ ഇനിയും ധാരാളം പേര് വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്തിട്ടും 45,000 പേർ അപ്പോയ്ൻറ്മെൻറ് തീയതിയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയില്ല. കഴിഞ്ഞ ഡിസംബർ മുതൽ പല സമയത്തായി രജിസ്റ്റർ ചെയ്തവരാണ് കുത്തിവെപ്പ് സ്വീകരിക്കാൻ എത്താതിരുന്നത്. ഇതുവരെ 27 ലക്ഷത്തിലധികം ഡോസ് രാജ്യത്ത് നൽകിക്കഴിഞ്ഞു. 40 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നൽകുന്നത്.
ജനവാസമേറിയ ഭാഗങ്ങളിൽ കൂടുതൽ കേന്ദ്രം തുറക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. പ്രതിദിനം ഒരുലക്ഷം പേർക്ക് വരെ വാക്സിൻ നൽകാൻ ഇപ്പോൾ സൗകര്യമുണ്ടെന്ന് മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. ബുതൈന അൽ മുദഫ് പറഞ്ഞു.

