എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നാമത്; മിന അബ്ദുള്ള റിഫൈനറി നമ്പർവൺ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെ.എൻ.പി.സി) മിന അബ്ദുള്ള റിഫൈനറി ലോകത്തിലെ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാം സ്ഥാനത്താണ്. അമേരിക്കൻ കമ്പനിയായ മാർഷ് നടത്തിയ റിസ്ക് എൻജിനീയറിങ്ങിന്റെ ഏറ്റവും പുതിയ ഫീൽഡ് സർവേയിലാണ് മിന അബ്ദുള്ള റിഫൈനറി ആഗോള നേട്ടം കൈവരിച്ചത്.
സുരക്ഷ, പ്രവർത്തന മികവ് എന്നീ മേഖലകളിലെ നേട്ടമാണ് ലോകത്തിലെ 230 പ്രധാന എണ്ണ ശുദ്ധീകരണശാലകളിൽ മിന അബ്ദുള്ള റിഫൈനറിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ആഗോള റിഫൈനറികളുടെ സർവേയിൽ ശരാശരി 102.6 പോയിന്റ് നേടിയാണ് പട്ടികയിൽ ഒന്നാമതെത്തിയത്.
ഈ മഹത്തായ നേട്ടം കൈവരിച്ചതിൽ കമ്പനിയുടെ സി.ഇ.ഒ വദ അഹമ്മദ് അൽ ഖത്തീബ് അഭിമാനം പ്രകടിപ്പിച്ചു. ഇത് പ്രവർത്തന സുരക്ഷയുടെ ഉയർന്ന നിലവാരത്തിലുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി അവർ വ്യക്തമാക്കി. നാഷനൽ പെട്രോളിയം കമ്പനി ജീവനക്കാരുടെ ആത്മാർഥമായ പരിശ്രമങ്ങളെ അൽ ഖത്തീബ് പ്രശംസിച്ചു.
ഈ നേട്ടം കമ്പനിക്ക് മാത്രമല്ല, ദേശീയ നേട്ടമാണെന്നും കുവൈത്ത് വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയുടെ സൂചകമാണെന്നും വദ അഹമ്മദ് അൽ ഖത്തീബ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

